ബംഗളുരു: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു‍വിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ധർണകളും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഛണ്ഡീഗഡിലും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാത്രി 10:30 മുതൽ രാവിലെ 5 വരെ അനാവശ്യ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊവിഡ് വ്യാപന തീവ്രത വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് രാജ്യത്ത് ഇന്ന് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 630 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍  പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടാകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ വന്ന ഗുരുതര വീഴ്ചയാണ്  കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.