Asianet News MalayalamAsianet News Malayalam

പ്രതിദിന രോഗികള്‍ 400 കടന്നു; സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കൊവിഡ്, സമ്പര്‍ക്കം വഴി 204 പേര്‍ക്ക് രോഗം

തിരുവനന്തപുരത്ത് പൂന്തുറയിലടക്കം കൊവിഡ് വ്യാപനം അപകടകരമായ നിരക്കിലാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

covid 19 keralam pinarayi vijayan press meet
Author
Trivandrum, First Published Jul 10, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു. അതിനപ്പുറം, സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം പുറത്ത് നിന്ന് വന്നവരേക്കാൾ കൂടി. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്. 

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.

സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 70,112 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 66,132 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നിന്നാണ് പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകൾ വരുന്നത്.സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂൺ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27-ന് 5.11 ശതമാനമായി. ജൂൺ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു.

സാമൂഹ്യവ്യാപനം തർക്കവിഷയമാക്കണ്ട. രോഗസാധ്യത കൂടിയെന്ന് കരുതി ടെസ്റ്റിംഗ് കൂട്ടാനും ചികിത്സ കൂടുതൽ നൽകാനുമാണ് ശ്രമിക്കുന്നത്. ഗുരുതര സ്ഥിതിയിലുള്ള രോഗികളെ ചികിത്സിക്കാൻ ഓരോ ജില്ലകളിലും രണ്ട് ആശുപത്രികളും, അതല്ലാത്ത രോഗികളെ ചികിത്സിക്കാൻ പ്രഥമഘട്ട കൊവിഡ് ചികിത്സാകേന്ദ്രങ്ങളും തയ്യാറാക്കി.

രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യമേഖലയുമായി സഹകരിക്കും. അതിനായി പ്ലാൻ എ, ബി, സി തയ്യാറാക്കി. ഇന്ത്യയിലെ മഹാനഗരങ്ങളെല്ലാം കൊവിഡ് മഹാമാരിക്ക് മുമ്പിൽ മുട്ടുമടക്കി. പിടിച്ച് നിന്ന ബാംഗ്ലൂർ പോലും കാലിടറുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കേസുകളാണ് നഗരത്തിലുണ്ടായത്. ചെന്നൈയിലെ സ്ഥിതി അതിലും മോശമാണ്. കേരളത്തിൽ രോഗബാധ ഉണ്ടായ ശേഷമാണ് ഇവിടങ്ങളിൽ ആദ്യത്തെ കേസുകളുണ്ടാതെന്ന് ഓർക്കണം. ഇവിടങ്ങളിലൊക്കെ ഏതെങ്കിലും സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുണ്ടാകും. പിന്നെ മൾട്ടിപ്പിൾ ക്ലസ്റ്ററുണ്ടാകും. പിന്നെയാണ് സമൂഹവ്യാപനം വരിക.

സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പർ സ്പ്രെഡ്. ശ്രദ്ധ കൊടുത്തില്ലെങ്കിൽ രോഗം പടർന്ന് പിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇത് ഒട്ടാകെ വ്യാപിക്കാൻ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കണം. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം അഞ്ഞൂറിൽപ്പരമാണ്. മരണസംഖ്യ 9 മാത്രം. ഇന്ന് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 21,604 ആളുകൾ മരിച്ചു. നമ്മളെത്തി നിൽക്കുന്ന പ്രതിസന്ധിയുടെ ആഴം എന്താണെന്ന് ഈ കണക്കുകൾ പറയും

രോഗം അതിന്‍റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധമുയർത്താൻ തയ്യാറാകണം. പകരം ആ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തരുത്. ഇത്തരമൊരു ഘട്ടത്തിൽ വിജയകരമായി കൊവിഡ് മഹാമാരിയെ പിടിച്ച് കെട്ടിയ രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളുടെ അനുഭവങ്ങൾ നമ്മൾ സ്വായത്തമാക്കണം. വികസിത രാജ്യങ്ങൾ പോലും പകച്ച് നിന്നപ്പോൾ പ്രതിരോധത്തിലൂടെ ലോകത്തിന് മാതൃകയായത് ക്യൂബ, വിയറ്റ്നാം, തായ്ലൻഡ് പോലുള്ള രാജ്യങ്ങളാണ്. രോഗികൾക്ക് ചികിത്സ നൽകുന്നതിലും ഐസൊലേഷൻ കൂട്ടുന്നതിലും ക്യൂബ ഊന്നൽ നൽകി. ഈ മാതൃക കേരളവും നടപ്പാക്കുന്നു. വളരെ പെട്ടെന്ന് തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ വിയറ്റ്നാമിനായി. കേരളവും ഒരുക്കങ്ങൾ നടത്തി. ഒരു ഘട്ടത്തിൽ ചൈനയും സിംഗപ്പൂരും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്നത് തായ്‍ലൻഡിലായിരുന്നു. അവരും കണിശമായി അതിനെ നേരിട്ടു.

മേൽപ്പറഞ്ഞ എല്ലാ രാജ്യങ്ങളിലും സാമൂഹിക അകലം കർക്കശമായി പാലിച്ചു. പ്രതിരോധം പരിശോധിച്ചാൽ കേരളവും ഇതുവരെ ശരിയായ മാർഗത്തിലാണ് സഞ്ചരിച്ചത്. അവിടങ്ങളിൽ ജനം കാണിച്ച കരുതലുണ്ട്. അച്ചടക്കമുണ്ട്. അതാണ് നമ്മളും പിന്തുടരുന്നത്. അതിൽ പാളിച്ച വന്നാൽ എല്ലാം നിഷ്ഫലമാകും. ഓരോരുത്തരും ചുറ്റുമുള്ളവരുടെയും സ്വയവും സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകണം. ഈ രോഗം നമുക്കും എപ്പോൾ വേണമെങ്കിലും നിയന്ത്രണാതീതമായി പടർന്നേക്കാം. ജനങ്ങൾ സർക്കാരിനെ പിന്തുണയ്ക്കണം.

ഈ അപകടകരമായ സാഹചര്യത്തിലാണ് ചില തെറ്റായ പ്രവണതകൾ ഉണ്ടാകുന്നത്. സമൂഹത്തെ അത്യാപത്തിലേക്ക് തള്ളിവിടാൻ ചില ശക്തികൾ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് നടപ്പാക്കിയത് രോഗവ്യാപനം പരിധി വിട്ടപ്പോഴാണ്. കൊവിഡ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത് മാർച്ച് 11-നാണ് ജൂലൈ 9 ആയപ്പോൾ 481 കേസുകളായി. ഇതിൽ 215 പേർ പുറത്ത് നിന്ന് വന്നു. 266 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് മാത്രം. തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരിൽ 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഈ കേസുകൾ വച്ച് പഠനം നടത്തിയപ്പോൾ ജില്ലയിൽ 5 ക്ലസ്റ്ററുകൾ കണ്ടെത്തി. ഈ ക്ലസ്റ്ററുകളെല്ലാം തിരു. കോർപ്പറേഷൻ കേന്ദ്രീകരിച്ചാണ്.

ഒരു പ്രദേശത്ത് 50-ൽ കൂടുതൽ കേസുകൾ വരുമ്പോഴാണ് വലിയ സമൂഹ ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുക. ഇങ്ങനെ ക്ലസ്റ്ററുകൾ ഉണ്ടായത് ഇതുവരെ പൊന്നാനിയിലും തിരുവനന്തപുരത്തുമാണ്. രണ്ടിടത്തും നിയന്ത്രണങ്ങളുംടെസ്റ്റിംഗും കൂട്ടുകയാണ്. ഇതനുസരിച്ചാണ് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുന്നത്. ഇവിടെ പെരിമീറ്റർ കൺട്രോളുണ്ടാകും. ഈ പ്രദേശത്തേക്ക് കടക്കാൻ ഒരു വഴി മാത്രമേ ഉണ്ടാകൂ. പുറത്തേക്ക് പോകുന്നതിനും നിയന്ത്രണം ഉണ്ടാകും. കണ്ടെയ്ൻമെന്‍റ് സോണിൽ ക്ലസ്റ്ററുകളുണ്ടോ എന്ന് പരിശോധിക്കും. വീടുകൾ സന്ദർശിച്ച് ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവർക്ക് ആന്‍റിജെൻ ടെസ്റ്റ് നടത്തും. പോസിറ്റീവായാൽ കോണ്ടാക്ട് ട്രേസിംഗ് പാലിക്കും. ഈ പ്രദേശങ്ങളിൽ ശാരീരികാകലം നിർബന്ധമാണ്. ആള് കൂടുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.

ഈ കാര്യങ്ങളിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ലസ്റ്റർ മാനേജ്മെന്‍റ് ഫലപ്രദമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാൻ ആവശ്യമാണ്. തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിച്ചന്ത എന്നിവിടങ്ങളിലാണ് പ്രധാനക്ലസ്റ്ററുകൾ. ഇവിടെ രോഗവ്യാപനത്തിന് കാരണമായ കേസ് കന്യാകുമാരിയിൽ നിന്ന് മത്സ്യമെടുത്ത് കുമരിച്ചന്തയിൽ മീൻ വിൽപന നടത്തിയ വ്യാപാരിയാണ്. ഇദ്ദേഹത്തിന്‍റെ സൂഹൃത്തുക്കളടക്കം അടുത്തിടപഴകിയ 13 പേ‍ർക്കാണ് ആദ്യം രോഗം വന്നത്. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾത്തന്നെ സഹകരണമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ അധികൃതർ യോഗം ചേർന്ന് ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ബോധവൽക്കരണത്തിന് പുറമേ പള്ളി വികാരിയുടെ നേതൃത്വത്തിൽ വളണ്ടിയർമാരും നോട്ടീസ് വിതരണം നടത്തി. ഹെൽപ് ഡസ്കുകൾ തുടങ്ങി.

രോഗവ്യാപനം തടയുന്നതിന് പ്രധാനപ്പെട്ട വഴി രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തലാണ്. ഡബ്ല്യുഎച്ച്ഒ പഠനത്തിൽ ആന്‍റിജൻ ടെസ്റ്റ് മികച്ചതെന്ന് തന്നെയാണ് പറയുന്നത്. പ്രശ്നബാധിതമായ വാർഡുകളിൽ മാത്രം 1192 ആന്‍റിജൻ ടെസ്റ്റ് നടത്തി. ഇതിൽ 243 പോസിറ്റീവ് കേസുണ്ടായി.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തിൽ നിന്ന് രക്ഷിക്കാൻ പരിരക്ഷ എന്ന പേരിൽ റിവേഴ്സ് ക്വാറന്‍റീൻ ആക്ഷൻ പദ്ധതി നടപ്പാക്കുന്നു. കണ്ടെയ്ൻമെന്‍റ്  സോണുകളിൽ ആകെയുള്ള 31985 ജനങ്ങളിൽ 184 പാലിയേറ്റീവ് രോഗികളുണ്ട്. ഇവരെ നിരീക്ഷിക്കാൻ പാലിയേറ്റീവ് സ്റ്റാഫുണ്ട്.

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധമാർഗങ്ങൾ നടക്കുമ്പോഴാണ് അട്ടിമറി നീക്കവുമായി ചിലർ ഇറങ്ങുന്നത്. ദൗർഭാഗ്യവശാൽ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നിൽ നിൽക്കുന്നത്. ആന്‍റിജൻ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ്പ് പ്രചാരണം നടത്തുന്നത്. ഇത് വെറുതെയാണ് ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി. പൂന്തുറക്കാർക്കെതിരെയുള്ള ഗൂഢനീക്കമെന്നും പ്രചാരണം നടന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീകളടക്കം പ്രതിഷേധത്തിനിറങ്ങി. കാരക്കോണം മെഡി. കോളേജിൽ ബന്ധുക്കൾക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. കടകൾ തുറക്കണമെന്നും  അവശ്യസാധനങ്ങൾ തരണമെന്നും അവർ ആവശ്യപ്പെട്ടു. പുറത്ത് പോകാൻ അനുമതിയില്ലെന്ന് അവർ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നിവിടത്തെ കണക്ക് ചേർത്ത് പൂന്തുറയിലെ രോഗികൾ എന്ന് മാത്രമാണ് വാർത്ത വരുന്നത്. ഇത് പൂന്തുറക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചിലരാരോപിച്ചു. വിവരം ലഭിച്ച ഉടൻ ജില്ലാ അധികൃതരും പള്ളി വികാരിയും അടക്കം സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു.

പൂന്തുറയിലെ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവിടത്തെ പ്രശ്നമെന്ന് തന്നെയല്ലേ പറഞ്ഞത്. പൊന്നാനിയിലെയും കാസർകോട്ടെയും ചെല്ലാനത്തെയും പ്രശ്നത്തിന് അവിടത്തെ പേര് തന്നെയല്ലേ പറഞ്ഞത്. ഇത് ആരെയും വിഷമിപ്പിക്കാനോ ആ പ്രദേശത്തോട് വിപ്രതിപത്തി ഉണ്ടായിട്ടോ അല്ല. രോഗവ്യാപനം തടയാനാണ്. നിയന്ത്രണങ്ങൾ വരുമ്പോൾ പ്രയാസമുണ്ടാകും. അത് സഹിക്കേണ്ടതായി വരും. മനുഷ്യജീവൻ സംരക്ഷിക്കലാണ് പ്രധാനം. അതിന്‍റെ ഭാഗമായുള്ള പ്രയാസമല്ല, വലുത്. തെറ്റായ, സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തിയാൽ നാളെ ഒന്നും ചെയ്യാൻ പറ്റാതാകും. 

നിയന്ത്രണങ്ങൾക്ക് ചിലർ വേറെ മാനം നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധത്തോട് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. പൂന്തുറയിലും അടക്കമുള്ളവർ അങ്ങനെ തന്നെ സഹകരിക്കുന്നവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയ്യാറാകരുത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഈ ഘട്ടത്തിൽ അത്തരം ആളുകൾക്കെതിരെ കർശനനടപടിയുണ്ടാകും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വന്നാൽ അത് മുളയിലേ നുള്ളും. അതിന് പൊലീസിന് നിർദേശം നൽകി. ഇക്കാര്യത്തിലെല്ലാം നേതൃത്വം വഹിച്ചവരുണ്ട്. പാവങ്ങൾ തെറ്റിദ്ധരിച്ച് കൂടിയതാകാം. എന്നാൽ ബോധപൂർവം തെറ്റിലേക്ക് നയിക്കാൻ നേതൃത്വം നൽകിയവരുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. രോഗം സ്ഥിരീകരിക്കുന്നവരെ മെഡി. കോളേജ് ഉൾപ്പടെയുള്ള ആശുപത്രിയിലാണ് ആക്കിയത്. ഇങ്ങനെ ഒരു വീട്ടിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനാകുന്നില്ല എന്ന പരാതി ചിലർ ഉയർത്തി.

പൂന്തുറയെ കരുവാക്കുന്നുവെന്നും വ്യാജമത്സ്യലോബിയെ സഹായിക്കുന്നു എന്നും പ്രചാരണമുണ്ടായി. ആരോഗ്യപ്രവർത്തകർക്ക് മുന്നിൽ ബാരിക്കേഡ് വച്ചു. സ്വന്തം ആരോഗ്യത്തെയും ജീവനെയും അപകടത്തിലാക്കി സമൂഹപ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യപ്രവർത്തർ അങ്ങോട്ട് പോകുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങൾ സ്വാഭാവികമായി ചെയ്യുന്നതല്ല. ചിലർ ചെയ്യിക്കുന്നതാണ്. അതിന് പിന്നിൽ ദുരുപദിഷ്ടമായ ഉദ്ദേശങ്ങളുണ്ട്. പ്കതിപക്ഷ നേതൃത്വം തന്നെ ഇതിന് പിന്നിലുണ്ട് എന്ന സൂചന തന്നെയാണുള്ളത്.

ആന്‍റിജൻ ടെസ്റ്റിനെതിരെ പ്രചാരണം നടത്തരുത്. കൊറോണ വൈറസിന് രണ്ട് ഭാഗമാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗം. പ്രോട്ടീൻ എന്ന പുറംഭാഗം.  പിസിആർ ടെസ്റ്റ് ന്യൂക്ലിക് ആസിഡും പിസിആർ ടെസ്റ്റ് പ്രോട്ടീനുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൽട്ട് കിട്ടാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയം വേണം. പ്രത്യേക ലാബും യന്ത്രങ്ങളും വേണം. ആന്‍റിജൻ ടെസ്റ്റിന് അരമണിക്കൂർ മതി. അതേ സ്ഥലത്ത് നിന്ന് തന്നെ ഫലമറിയാം. രണ്ടിനും ചില പരിമിതികളുണ്ട്. രോഗം ഭേദമായാലും ചിലതിൽ പിസിആർ ടെസ്റ്റ് പോസിറ്റീവാകാം. വൈറസിന്‍റെ ചില ഭാഗങ്ങൾ വീണ്ടും പുറത്ത് വരുന്നതുകൊണ്ടാണിത്. ഇത്തരത്തിൽ ഉള്ളവർക്ക് ആന്‍റിജൻ ടെസ്റ്റ് മതി.

രോഗലക്ഷണങ്ങൾ ഉള്ളവ‍‍ർക്ക് ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവായാലും ഒരു സുരക്ഷയ്ക്ക് വേണ്ടി പിസിആർ ടെസ്റ്റും നടത്താറുണ്ട്. ഇതുപോലെ ആന്‍റിബോഡി ടെസ്റ്റും നടത്തും. രോഗാണു ദേഹത്ത് കടന്നാൽ ദേഹത്തുണ്ടാകുന്ന ആന്‍റിബോഡി പരിശോധിക്കുന്നതാണിത്. സ്ക്രീനിംഗിൽ ആന്‍റിജൻ ടെസ്റ്റാണ് നടത്താറ്. ശ്വസനസംബന്ധമായ അസുഖമായതിനാൽ മൂക്കിന്‍റെ പിൻഭാഗത്തും തൊണ്ടയിലുമാണ് വൈറസ് സാധാരണ വരാറ്. ആ ഭാഗത്തെ സ്രവം എടുക്കും. ആന്‍റിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിംഗ് ടെസ്റ്റ്. ഇതിനെതിരെ പ്രചാരണം നടത്തുന്നത് സമൂഹത്തിനെതിരെയുള്ള അക്രമമാണ്.

ഒരു പ്രദേശത്തെ ജനതയെയും ഗുരുതരവിപത്തിലേക്ക് തള്ളിവിട്ട് എന്ത് രാഷ്ട്രീയനേട്ടമാണ് ഇക്കൂട്ടർക്ക് നേടാനുള്ളത്. ഇത് ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഒരു മാധ്യമത്തിൽ ഒരു ഡസൻ സ്ഥലത്തെ സമരങ്ങളുടെ ചിത്രങ്ങൾ കണ്ടു. ഒരു സുരക്ഷയുമില്ലാതെ പൊലീസിനു നേരെ അലറി വിളിച്ച് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ കണ്ടു. ഇത് സമരമല്ല, ഈ നാടിനെ രോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണ്. സമരത്തിന് ആരും എതിരല്ല. അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യത്തെ പണയം വയ്ക്കരുത്. സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ വരുന്ന, റിവേഴ്സ് ക്വാറന്‍റൈനിൽ കഴിയേണ്ട നേതാക്കളുടെ ജീവൻ അപകടത്തിലാക്കരുത്. പൊലീസുമായി മൽപ്പിടിത്തം നടത്തുന്ന ഈ സമരം നാടിനെ വിപത്തിലാക്കുന്നതാണെന്ന് നേതാക്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അണികൾക്ക് എങ്കിലും കഴിയണം.

ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ട്. അതിനായി ജില്ലാ തലത്തിൽ സംവിധാനം വരും. സംസ്ഥാനതലത്തിൽ നോഡൽ ഓഫീസറെ നിയമിക്കും. ഫലം 24 മണിക്കൂറിൽ ഉറപ്പാക്കും. കൂടുതൽ ടെസ്റ്റിംഗ് സെന്‍ററുകളും തുടങ്ങും. ഇതുവരെ 5,31,330 പേർ നമ്മുടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 3,33,340 പേരാണ് എത്തിയത്. ബാക്കിയുള്ളവർ മറ്റ് രാജ്യങ്ങളിൽ നിന്നെത്തി. ജാഗ്രത പോർട്ടലിലെ റജിസ്ട്രേഷൻ നിർബന്ധമാണ്. മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങൾ ഇന്നുണ്ടായി. ക്വാറന്‍റീൻ ലംഘിച്ച 11 കേസുകൾ റജിസ്റ്റർ ചെയ്തു.

തീരദേശങ്ങളിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കും. അധ്യാപകരും സർക്കാർ ജീവനക്കാരും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കും.തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടുന്നു. നിയന്ത്രിതമേഖലകളിലെ നിയന്ത്രണങ്ങൾ ശക്തമായി തുടരും.ആരോഗ്യപ്രവ‍ർത്തകർക്കും പൊലീസിനും വളണ്ടിയർമാർക്കും നല്ല പിന്തുണയും സഹായവും നൽകേണ്ടത് സമൂഹമാണ്. കർമനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ല. പക്ഷേ സൂപ്പർ സ്പ്രെഡ് ഉണ്ട്. അത് ശ്രദ്ധിച്ചില്ലെങ്കിൽ സമൂഹവ്യാപനം ഉണ്ടാകും. അതിന്‍റെ ഭാഗമായാണ് ഉറവിടമറിയാത്ത രോഗികൾ വരുന്നത്. എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കണം. അതുകൊണ്ടാണ് സർക്കാർ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ടെസ്റ്റ് ചെയ്യുന്നത്. അതിലെ ഫലം നേരത്തേ പറഞ്ഞല്ലോ. ഇങ്ങനെ ഒരു ക്ലസ്റ്ററിൽ വലിയ രീതിയിൽ കൂടി. അത് ആശങ്ക കൂട്ടി. അവിടെയെല്ലാം ടെസ്റ്റിംഗ് കൂട്ടും എന്നാണ് തീരുമാനം. ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണമേഖലയിൽ തുടരും. ലോക്ക്ഡൗൺ തിരുവനന്തപുരം നഗരത്തിൽ പൂർണമായും തുടരും.

പൂന്തുറ - ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാരിന്‍റെ അജണ്ടയല്ല. ഇത് പോലൊരു ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരും. ഇപ്പോൾ രോഗം വ്യാപിച്ച നിലയിൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. ഒരനുഭവം പറയാം. നേരത്തേ കാസർകോട് ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നല്ലോ. അന്ന് വലിയ പരാതിയുണ്ടായിരുന്നു. പക്ഷേ പിന്നീട് അവർ തന്നെ നിയന്ത്രണങ്ങൾ തങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞു. ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടികളുണ്ടാവുകയും ചെയ്യും.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഒരു കൂട്ടം ഒരുമ്പെട്ടിറങ്ങുകയാണ്. സമരത്തെ അംഗീകരിക്കാത്തതെന്ത് എന്ന ചർച്ചകൾ വന്നേക്കാം. ഒരു പരിധി വരെ സമരങ്ങൾ നിരുത്സാഹപ്പെടുത്തുക തന്നെയാണ്. ഒരു വഴിയുമില്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ട്രിപ്പിൾ ലോക്ക് വന്നാൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് തന്നെയാണ് നിയമവശം. തൽക്കാലം ഇടപെടാതിരിക്കുകയാണ്. അത് ദൗർബല്യമായി കാണണ്ട.നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയയിൽത്തന്നെ പരസ്യമായി ആളെ വച്ച് പറയുകയല്ലേ സമരത്തിനിറങ്ങാൻ. അതിന്‍റെ മുൻപന്തിയിൽ നിൽക്കുകയല്ലേ ഇവർ.

Follow Us:
Download App:
  • android
  • ios