Asianet News MalayalamAsianet News Malayalam

'പൂന്തുറയിൽ ആളുകളെ ചിലർ ഇളക്കിവിട്ടു, വർഗീയ അജണ്ട', രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

'ആരോഗ്യപ്രവർത്തകർക്ക് നേരെ എന്ത് മോശം പെരുമാറ്റമാണുണ്ടായത്? ഇത് ജനങ്ങൾ വേണമെന്ന് വച്ച് ചെയ്തതല്ല. അവിടത്തെ നാട്ടുകാരെല്ലാവരും വളരെ സഹകരിച്ച് ജീവിക്കുന്നവരാണ്. വർഗീയ അജണ്ടയോടെ ചിലർ നാട്ടുകാരെ ഇളക്കിവിട്ടതാണ്'

covid 19 kk shailaja about poonthura protest and disease preparedness
Author
Thiruvananthapuram, First Published Jul 11, 2020, 9:56 AM IST

തിരുവനന്തപുരം: പൂന്തുറയിൽ പരിശോധനയ്ക്ക് എത്തിയ ജൂനിയർ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സംഘത്തിന് നേരെ കാറിന്‍റെ ഗ്ലാസ് തുറന്ന് മുഖത്തേക്ക് തുപ്പിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള കൈയേറ്റങ്ങൾ അംഗീകരിക്കാനാകില്ല. പൂന്തുറയിലെ ജനങ്ങൾ സാധാരണഗതിയിൽ ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ല. അവരെ ആരോ ഇളക്കിവിട്ടതാണെന്നും, ഇത്തരത്തിൽ പെരുമാറിയവർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ 'നമസ്തേ കേരള'ത്തിൽ പറഞ്ഞു. 

''സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രോഗബാധിതമേഖലകളിലേക്ക് സേവനത്തിനായി വരുന്നവരാണ് ആരോഗ്യപ്രവ‍ർത്തകർ. ആർക്കും ജീവനിൽ കൊതിയുണ്ടാകും. വൈറസ് വരുന്നെങ്കിൽ വരട്ടെ, അത് കരുതി വീട്ടിലിരിക്കാനാകില്ലെന്ന് സ്വയം വിചാരിച്ച് സേവനത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരാണ് അവർ. അവർക്കെതിരെ ഇത്തരം മോശം പെരുമാറ്റമുണ്ടാകുന്നത് അംഗീകരിക്കാനാകുന്നതല്ല. സങ്കടകരമായ അനുഭവമായിരുന്നു ഇത്. അക്രമത്തിനിരയായ ഡോ. ദീപ്തിയ അടക്കമുള്ളവരെ ഞാനിന്നലെ വിളിച്ചിരുന്നു. അവരാകെ ഭയന്ന് പോയി. ഇന്നലെ മുതൽ ക്വാറന്‍റീനിൽ പോയിരിക്കുകയാണ് അവർ.

പൂന്തുറയിലെ ജനങ്ങളാരും മോശക്കാരല്ല. ഇത് അവരെ ആരോ പ്രേരിപ്പിച്ച് വിട്ടതാണ്. ഇത്രമാത്രം മോശം സാഹചര്യത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ചിലർ. പൂന്തുറയിലെ ഒരു സഹോദരൻ ഇന്നലെ മരിച്ചില്ലേ? പ്രായമായ ആളുകൾക്കാണ് ഈ അസുഖം പെട്ടെന്ന് ബാധിക്കുന്നത്. അതേസമയം, ചെറുപ്പക്കാർക്ക് ഒരു കുഴപ്പവുമില്ല എന്ന് വിചാരിക്കരുത്. നല്ല ആരോഗ്യമുള്ള ചില ചെറുപ്പക്കാർ തന്നെയാണ് ഈ വൈറസ് ബാധിച്ച് കുഴഞ്ഞ് വീണ് മരിക്കുന്നത്. 
 
ഇത്തരത്തിലുള്ള പ്രവൃത്തികളെല്ലാം വളരെ പ്രതിഷേധാർഹമാണ്. അവരെ ആരാണ് ഇതിന് പ്രേരിപ്പിച്ചത്? തീരദേശമേഖലയിലെ പ്രതിരോധത്തിൽ വീഴ്ചയുണ്ടായിട്ടില്ല. അവിടത്തെ നാട്ടുകാർ മോശമാണെന്ന് ആരു പറഞ്ഞു? അവിടത്തെ യുവാക്കൾ തന്നെയാണ് വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. വാർഡ് തലത്തിലെ കൗൺസിലർമാരും പള്ളി അധികൃതരുമെല്ലാം വളരെ നല്ല രീതിയിൽ സഹകരിക്കുന്നവരുമാണ്. 

ഒരു വിഭാഗം ആളുകളെ ചിലർ വേണമെന്ന് കരുതി ഇളക്കിവിട്ടിട്ടുണ്ട്. ഇതിൽ വർഗീയ അജണ്ടയുണ്ട് എന്ന് സംശയിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതൊക്കെ ഈ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് നാട്ടുകാർ മനസ്സിലാക്കണം. ജനങ്ങളെ തമ്മിൽത്തല്ലിച്ച് നേട്ടം കൊയ്യാനും ചോര വീഴ്ത്താനും ശ്രമിക്കുന്നവരുണ്ട്. അങ്ങനെ ശ്രമിക്കുന്നവർ തന്നെയാണ് ഇവിടെയും പ്രശ്നമുണ്ടാക്കിയത്'', കെ കെ ശൈലജ പറയുന്നു. 

'മാജിക്കല്ല, വൈറസ് ഉരുകിപ്പോയതുമല്ല, പണിയെടുത്തിട്ടാണ്'

ഇതിനിടെ, സ്വർണക്കടത്തിനെതിരായ പ്രതിഷേധങ്ങളിൽ വേണമെങ്കിൽ കൊവിഡ് നിയമനടപടികളും ചട്ടങ്ങളും വാരി വലിച്ചെറിയും എന്ന് കെ സുധാകരൻ എംപി പറഞ്ഞതിനെയും ആരോഗ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. 

''അൽപമെങ്കിലും വിവേകമുള്ളയാൾക്കും ഒരു ചെറിയ കുട്ടിക്കും മനസ്സിലാകും കെ സുധാകരൻ പറഞ്ഞതിലെ വിവരക്കേട്. ഇതാരെയാണ് ഇവർ ഈ കൊലവിളിക്കുന്നത്? കേരളത്തിലെ ജനങ്ങളെയോ? പ്രതിസന്ധികാലത്തും കൊവിഡ് രോഗനിരക്ക് കുറച്ചത് മാജിക്കല്ല, ഇവരുടെ ചില നേതാക്കൾ പറയുന്നത് പോലെ ഊഷ്മാവ് കൊണ്ട് വൈറസ് ഉരുകിപ്പോയതുമല്ല. ശ്രമകരമായി പണിയെടുത്തതുകൊണ്ടുമാണ്. അമേരിക്കയിൽ ഇന്ന് ചികിത്സയ്ക്ക് കയ്യിൽ പണമില്ലാതെ 75 ലക്ഷം പേർ ഇൻഷൂറൻസിന് കാത്തുനിൽക്കുകയാണ്. അതേ രോഗത്തിന് കേരളം രോഗബാധിതർക്കെല്ലാം സൗജന്യചികിത്സ നൽകുകയാണ്. ഈ പ്രസ്താവന നടത്തിയ എംപിക്കെതിരെ ശക്തമായ നടപടിയെടുക്കണം. മാത്രമല്ല, എല്ലാറ്റിനും ജനങ്ങളുടെ കോടതിയുണ്ട് എന്ന് മറക്കരുത്. രാഷ്ട്രീയതിമിരം ബാധിച്ച് എന്തും വിളിച്ച് പറയരുത്'', ശൈലജ ടീച്ചർ പറയുന്നു.

'പകർച്ചാ നിരക്ക് കുറയ്ക്കണം, ജാഗ്രത വേണം'

അതേസമയം, ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം പോസിറ്റീവായവരുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണ് എന്ന് ആരോഗ്യമന്ത്രി പറയുന്നു. പക്ഷേ പകർച്ചാനിരക്ക് കുറയ്ക്കാനാണ് ആഗ്രഹിച്ചത്. അതിനായാണ് എല്ലാ സജ്ജീകരണങ്ങളോടുംകൂടി ഒരുങ്ങി തയ്യാറായി നിന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ വന്ന സമയത്തും കേരളം പകർച്ചാ നിരക്ക് പത്ത് ശതമാനമായി നിലനിർത്തിയിരുന്നു. അത് നേട്ടമായിരുന്നു.

പക്ഷേ നിയന്ത്രണാതീതമായ സാഹചര്യമുണ്ടായത് തൊട്ടടുത്ത സംസ്ഥാനങ്ങളിൽ വലിയ രോഗബാധ വന്നപ്പോഴാണ്. അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വന്നപ്പോൾ ചില മേഖലകളിൽ സൂപ്പർ സ്പ്രെഡ് വന്നു. കേരളത്തിലെ നാലഞ്ച് ജില്ലകളിൽ സൂപ്പർ സ്പ്രെഡ് ഉണ്ടായ കണ്ടെയ്ൻമെന്‍റ് സോണുകളിൽ വലിയ പകർച്ചയുണ്ടായിട്ടുണ്ട്. അതെല്ലാം ഒഴിവാക്കിയാൽ കേരളത്തിൽ ഇപ്പോഴും പത്ത് ശതമാനത്തിൽ താഴെയാണ് പകർച്ചാനിരക്ക്. 

തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഉണ്ടായ സൂപ്പർ സ്പ്രെഡ് വരാൻ പാടില്ലാത്ത ഒന്നായിരുന്നു. സാധാരണ ഒരു രോഗബാധിതനിൽ നിന്ന് ഒന്നോ രണ്ടോ ആളിലേക്ക് മാത്രമേ പടരാൻ പാടുള്ളൂ. എന്നാൽ തിരുവനന്തപുരത്ത് സംഭവിച്ചത് വലിയൊരു രോഗപ്പകർച്ചയാണ്. കായംകുളം ചന്തയിൽ, ചെല്ലാനത്ത് ഇങ്ങനെയുള്ള പോക്കറ്റുകളിലെ പകർച്ചയും വളരെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണ് - എന്ന് ആരോഗ്യമന്ത്രി.

'ആന്‍റിജൻ ടെസ്റ്റ് വിശ്വസനീയമാണ്, തെറ്റിദ്ധരിക്കരുത്'

ഒപ്പം ആന്‍റിജൻ ടെസ്റ്റുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി പറയുന്നു. ആന്‍റിജൻ ടെസ്റ്റ് വിശ്വസനീയമായ ടെസ്റ്റ് തന്നെയാണ്. 

കൊറോണ വൈറസിന് രണ്ട് ഭാഗമാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗം. പ്രോട്ടീൻ എന്ന പുറംഭാഗം. പിസിആർ ടെസ്റ്റ് ന്യൂക്ലിക് ആസിഡും പിസിആർ ടെസ്റ്റ് പ്രോട്ടീനുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൽട്ട് കിട്ടാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയം വേണം. പ്രത്യേക ലാബും യന്ത്രങ്ങളും വേണം. ആന്‍റിജൻ ടെസ്റ്റിന് അരമണിക്കൂർ മതി. അതേ സ്ഥലത്ത് നിന്ന് തന്നെ ഫലമറിയാം. 

ആന്‍റിബോഡി ടെസ്റ്റും ആന്‍റിജൻ ടെസ്റ്റും രണ്ടും രണ്ടാണ്. ആന്‍റിജൻ കൺഫമേറ്ററി ടെസ്റ്റാണ്. വൈറസിനെത്തന്നെയാണ് പരിശോധിക്കുന്നത്. ആന്‍റിബോഡി ടെസ്റ്റിൽ വൈറസ് ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ ശരീരം നിർമിക്കുന്ന ആന്‍റിബോഡികളെ, അതായത് പ്രതിവസ്തുക്കളെയാണ് ടെസ്റ്റ് ചെയ്യുന്നത്. ഇതിൽ രോഗബാധയുണ്ടെന്ന് ഉറപ്പുവരുത്താൻ വീണ്ടും ആർടിപിസിആർ ടെസ്റ്റ് ആവശ്യമാണ് - കെ കെ ശൈലജ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios