Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പ നടപടികൾ തുടങ്ങി; അപേക്ഷ അടുത്തയാഴ്ച മുതല്‍

2000 കോടി രൂപയാണ് കുടുംബശ്രീ വഴിയുള്ള വായ്പയ്ക്ക് സർക്കാർ അനുവദിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. 9 ശതമാനമാണ് പലിശ. 36 മാസമാണ് തിരിച്ചടവ് കാലാവധി.

covid 19 kudumbashree less interest loan in kerala
Author
Thiruvananthapuram, First Published Apr 10, 2020, 10:52 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ദുരിതം മറികടക്കാനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പയ്ക്കുളള അപേക്ഷ അടുത്തയാഴ്ച മുതല്‍ ബാങ്കുകള്‍ സ്വീകരിച്ച് തുടങ്ങും. രണ്ട് ലക്ഷത്തോളം പേര്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് പ്രാഥമിക കണക്ക്. 2000 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പ അനുവദിക്കുന്നത്.

പ്രളയകാലത്തിന് സമാനമായി കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുടുംബശ്രീ വഴിയുളള വായ്പ പദ്ധതി. കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. വായ്പ ആവശ്യമുളളവരെ അയല്‍ക്കൂട്ടമാണ് നിര്‍ദ്ദേശിക്കുക. ഒരു അയല്‍ക്കൂട്ടത്തിന് അതിലെ അംഗങ്ങള്‍ക്കായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. 9 ശതമാനമാണ് പലിശ. 36 മാസമാണ് തിരിച്ചടവ് കാലാവധി.

വായ്പ ആവശ്യമായവരുടെ വിവരശേഖരം അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം അയല്‍ക്കൂട്ടങ്ങള്‍ക്ക് യോഗം ചേരാന്‍ കഴിയാത്തതിനാല്‍ ഫോണ്‍ വഴിയാണ് വിവര ശേഖരണം. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം ബാങ്കുകളുടെയും ഭരണസമിതി പദ്ധതിക്ക് ഈയാഴ്ച തന്നെ അംഗീകാരം നല്‍കിയേക്കും. മഹാപ്രളയത്തില്‍ ദുരിതത്തിലായ 28000ത്തോളം കുടുംബങ്ങള്‍ക്കായിരുന്നു നേരത്തെ കുടുംബശ്രീ വഴി വായ്പ അനുവദിച്ചത്.

 

Follow Us:
Download App:
  • android
  • ios