Asianet News MalayalamAsianet News Malayalam

പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വൻനിര; വയോധികർ അടക്കം തിക്കിത്തിരക്കുന്നു

ഇങ്ങനെ തിരക്ക് തുടരുന്ന സാഹചര്യമാണെങ്കിൽ ട്രഷറി വഴിയും ബാങ്ക് വഴിയുമുള്ള പെൻഷൻ വിതരണം താൽക്കാലികമായി നി‍ർത്തിവയ്ക്കേണ്ടി വരും, വേറെ വഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് അടക്കം വൻ തിരക്കാണ് പെൻഷൻ വാങ്ങാൻ.

covid 19 lockdown huge rush infront of banks in kerala to get pension money
Author
Thiruvananthapuram, First Published Mar 30, 2020, 12:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളിൽ പെൻഷൻ വാങ്ങാൻ മാർച്ച് മാസം അവസാനതീയതി ആയതോടെ വൻ തിരക്ക്. തടയാൻ ഒരിടത്തും സംവിധാനമില്ലാതായതോടെ ആശങ്കയിലാണ് സംസ്ഥാനസർക്കാരും ബാങ്കുകളും. വയോധികർ അടക്കമുള്ളവരാണ് ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കുന്നത്. ബാങ്കിനകത്ത് കയറിയാൽ, സാമൂഹ്യാകലം പാലിച്ച് കൃത്യമായി മാത്രമേ ആളുകളെ വരിയിൽ നിർത്തുന്നുള്ളൂ എന്നും, ബാങ്കുകൾക്ക് പുറത്ത് ഒന്നും ചെയ്യാനാകുന്നില്ലെന്നും, മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നുമാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെ ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കിയാൽ, ബാങ്കുകളും ട്രഷറികളും വഴിയുള്ള പെൻഷൻ വിതരണം നിർത്തി വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ആൾക്കൂട്ടം പാടില്ല, കൃത്യമായ അകലം പാലിക്കണം, കൈ സാനിറ്റൈസർ വഴി കൈ ശുചിയാക്കി മാത്രമേ അകത്തേയ്ക്ക് കയറാവൂ എന്നെല്ലാം നേരത്തേ തന്നെ ബാങ്കിലെ ജീവനക്കാർ നിർദേശിച്ചിരുന്നതാണ്. ഇത് പാലിച്ചു കൊണ്ടാണ് ആളുകളെ കയറ്റുന്നതും. അതിനാൽത്തന്നെ ബാങ്കുകളുടെ പുറത്ത് വൻ നിര രൂപപ്പെട്ടു. ബ്രാഞ്ചുകളുടെ മുന്നിലും എടിഎമ്മുകളുടെ മുന്നിലും തിരക്കിൽ കൂടുതൽ നിൽക്കുന്നതിൽ ഭൂരിഭാഗവും വയോധികരാണ് എന്നതാണ് പ്രധാനം. 

ഇവർക്ക് ഏറെ നേരം വെയിലത്ത് നിൽക്കാനാകാത്ത സാഹചര്യവുമുണ്ട്. ചില ബാങ്കുകളെങ്കിലും ഇവർക്ക് ഇരിക്കാൻ കസേരകൾ നൽകുന്നുണ്ട്. പക്ഷേ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ എന്ത് ചെയ്യുമെന്ന് ബാങ്ക് അധികൃതർക്കും നിശ്ചയമില്ല.

ഇന്ന് വൈകിട്ടോടെ നടപടി

ഇത്തരത്തിൽ ബാങ്കുകളുടെ മുന്നിൽ തിക്കും തിരക്കും കൂട്ടിയാൽ പെൻഷൻ വിതരണം നിർത്തി വയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട്. ജനങ്ങൾ സ്വയം നിയന്ത്രിക്കണം. അതല്ലെങ്കിൽ ഓരോദിവസവും ഇത്ര പേർക്ക് മാത്രമേ പെൻഷൻ നൽകൂ എന്ന് തീരുമാനിക്കേണ്ടി വരും. അത്തരത്തിൽ റേഷനിംഗ് സംവിധാനം കൊണ്ടുവരേണ്ട സാഹചര്യമുണ്ടാകും.

ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തിൽ എന്തുവേണമെന്ന കാര്യം തീരുമാനിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

ഇക്കാര്യം നേരത്തേ സംസ്ഥാനഭരണകൂടത്തിന് മുന്നിൽ ഉന്നയിച്ചിരുന്നതാണെന്നും പൊലീസിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായം വേണമെന്ന് വ്യക്തമാക്കിയതാണെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കുന്നു. ബാങ്ക് ജീവനക്കാരുടെ ആരോഗ്യത്തെത്തന്നെ ബാധിക്കുന്ന തരത്തിൽ ആളുകളുടെ തിരക്ക് പെൻഷൻ വാങ്ങാൻ ബ്രാഞ്ചുകളിൽ വന്നേക്കാം എന്ന് മുൻകൂട്ടി കണ്ടതാണ്. ആളുകൾ സ്വയം നിയന്ത്രിക്കേണ്ടിയിരുന്നുവെന്നും, സർക്കാർ സഹായം അത്യാവശ്യമാണെന്നും, ഇവർ വ്യക്തമാക്കി.

അതേസമയം, മിക്ക ബ്രാഞ്ചുകളുടെയും മുന്നിൽ തിരക്ക് കണക്കിലെടുത്ത് പൊലീസ് എത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഇവരും ബാങ്കിംഗ് ജീവനക്കാരെ സഹായിക്കുന്നുണ്ട്. 

കാസർകോട് പ്രത്യേക നിയന്ത്രണം

കാസര്‍കോട് ജില്ലാ ട്രഷറിയുടെ കീഴിലുള്ള  വിവിധ സബ് ട്രഷറികളില്‍ ഏപ്രില്‍ രണ്ട് മുതലുള്ള പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട്, പെന്‍ഷന്‍ സംഘടനകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെന്‍ഷന്‍കാരുടെ ട്രഷറിയിലേക്കുള്ള കൂട്ടമായുള്ള വരവ് കുറയ്ക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.. ബിയറര്‍ ചെക്കുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കും. ഓരോ വാര്‍ഡില്‍ നിന്നും പത്തോ, ഇരുപതോ ചെക്കുകള്‍ ഒരു ഉത്തരവാദിത്വത്തപ്പെട്ട വ്യക്തി (തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അല്ലെങ്കില്‍ പെന്‍ഷന്‍ സംഘടനാ ഭാരവാഹികളില്‍പ്പെട്ടവര്‍) ശേഖരിച്ച്  ട്രഷറിയില്‍ എത്തിക്കുന്ന മുറയ്ക്ക് പണം നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

ഇതില്‍ തന്നെ രോഗികളായ,വൃദ്ധരായ പെന്‍ഷന്‍കാര്‍ക്ക് മുന്‍ഗണന നല്‍കും. പണം അത്യാവശ്യമില്ലാത്ത പെന്‍ഷന്‍കാര്‍ ഏപ്രിൽ- 14 നുശേഷം ട്രഷറിയില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- കാസര്‍കോട് ജില്ലാ ട്രഷറി-8443044033,  8943368200, 9496000251, മഞ്ചേശ്വരം സബ് ട്രഷറി- 9496000256, കാസര്‍കോട് സബ് ട്രഷറി- 9496000252, ചട്ടഞ്ചാല്‍ സബ് ട്രഷറി- 9496000257, ഹോസ്ദുര്‍ഗ്ഗ് സബ് ട്രഷറി- 9496000254, വെള്ളരിക്കുണ്ട് സബ് ട്രഷറി -9496000255, മാലക്കല്ല് സബ് ട്രഷറി- 9188523027, നീലേശ്വരം സബ് ട്രഷറി -9496000253. 

Follow Us:
Download App:
  • android
  • ios