തിരുവനന്തപുരം: മൊബൈൽ കടകളും വർക്ക് ഷോപ്പുകളും തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവിറങ്ങി. മൊബൈൽ കടകൾ ഞായറാഴ്ചകളിലും ചെറിയ വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാമെന്നാണ് ഉത്തരവ്. എന്നാൽ മൊബൈൽ കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയാണ്:

# തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.

# ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം

# എല്ലാ കടകളിലും മാസ്കുകൾ ഉപയോഗിച്ച് മാത്രമേ സ്റ്റാഫുകൾ നിൽക്കാവൂ, സാനിറ്റൈസറുകൾ എല്ലാ കടകളിലും വയ്ക്കണം

# ആളുകൾ കടയിൽ തിരക്കു കൂട്ടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല

# ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം

ട്രക്കുകളുടെ വർക്ക് ഷോപ്പുകൾക്ക് നേരത്തേ തന്നെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നതാണ്. ഇപ്പോൾ ചെറുകിട, ഇടത്തരം വർക്ക് ഷോപ്പുകൾക്ക് കൂടിയാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വർക് ഷോപ്പുകളിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്:

# തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.

# ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം

# ഉടനടി റിപ്പയറിംഗ് ആവശ്യമുള്ള വണ്ടികൾ മാത്രമേ സ്വീകരിക്കാവൂ. ഇൻഷൂറൻസ് ക്ലെയിമുകളുള്ള വണ്ടികൾ സ്വീകരിക്കുന്നതിൽ വർക് ഷോപ്പുകൾക്ക് തീരുമാനമെടുക്കാം.

# പെയിന്‍റിംഗ്, കഴുകൽ, ആഡംബര വസ്തുക്കളടക്കം വച്ചു പിടിപ്പിക്കൽ, മോഡിഫിക്കേഷൻ, എന്നിവയടക്കമുള്ള പണികളൊന്നും സ്വീകരിക്കരുത്. 

# ടയറുകളും ബാറ്ററികളും റിപ്പയർ ചെയ്യുന്ന പ്രവൃത്തികൾ സ്വീകരിക്കണം. 

# റോഡ് സൈഡിൽ പ്രവർത്തിക്കുന്ന ഓൺ റോഡ് സ‍ർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് കടകൾക്ക് 24 മണിക്കൂർ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്

# സ്പെയർ പാർട്ടുകളും ല്യൂബ്രിക്കന്‍റുകളും വിൽക്കുന്ന കടകൾക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മണി മുതൽ 5 മണി വരെ തുറക്കാം, പക്ഷേ വളരെക്കുറച്ച് ജീവനക്കാരേ പ്രവർത്തിക്കാവൂ. 

# ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം