ദില്ലി: രാജ്യത്ത് കൊവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളുനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവി‍ഡ് ബാധിച്ച് മരിച്ചത് 72,775 പേരാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 8,83,697 പേരാണ്. 

1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ തന്നെയാണ് രാജ്യത്ത് എറ്റവും കൂടുതൽ രോഗികൾ. ആന്ധ്രയിൽ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 8,368 പേരാണ് രോഗ ബാധിതരായത്. കര്‍ണാടകയില്‍ 5773, തമിഴ്നാട്ടില്‍ 5776 എന്നിങ്ങനെയാണ് കൊവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രതിദിന വർധന കണക്ക്. 

ഹരിയാനയിൽ 2,224, പഞ്ചാബിൽ 2110,ഗുജറാത്തിൽ 1330, ജമ്മു കശ്മീരിൽ 1,013, മധ്യപ്രദേശിൽ 1,885, ഒഡീഷയില്‍ 3,861 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ വർധന. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ദില്ലിയില്‍ ഇന്നലെ രോഗികളുടെ
എണ്ണം കുറഞ്ഞിരുന്നു. 2077 ആണ് ഇന്നലെ രോഗികളായവരുടെ എണ്ണം. കഴിഞ്ഞ ദിവസം മുപ്പതിനായിരത്തിന് മുകളിലെത്തിച്ച പരിശോധന ഇന്നലെ  ദില്ലിയില്‍ കുറഞ്ഞിരുന്നു. ഇന്നലെ 22,954 സാംപിളാണ് ദില്ലിയില്‍ പരിശോധിച്ചത്.