തിരുവനന്തപുരം: 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി ഞെട്ടിക്കുന്ന വ്യാപനത്തിൽ കേരളം. പ്രതിദിന രോഗവർധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. പരിശോധനകൾ കുത്തനെ കൂട്ടണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

സെപ്തംബർ മാസത്തിൽ മാത്രം, 27 ദിവസം പിന്നിട്ടപ്പഴേക്കും 99,999 രോഗികൾ. ഒരു ലക്ഷമാകാൻ ഒരാളുടെ കുറവ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേർക്കാണ് എന്നിരിക്കെയാണിത്. 389 മരണങ്ങൾ. മൊത്തം മരണങ്ങളുടെ ഇരട്ടിയിലധികവും സെപ്തംബറിലെ ഈ 27 ദിവസങ്ങൾക്കുള്ളിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവുമെന്ന കണക്കിൽ മാറുകയാണ്. 

100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കിൽ 11.57 ശതമാനം. ഇതിൽ കേരളത്തിന് മുകളിലുള്ളത് കർണാടകയും മഹാരാഷ്ട്രയും. 22.5 ആണ് മഹാരാഷ്ട്രയുടെ കഴിഞ്ഞയാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്. 

അതായത് രോഗം സ്ഥിരീകരിച്ചവരിൽ 32 ശതമാനം പേർ ഇപ്പോൾ രോഗികൾ. കർശനമായ ചികിത്സാ ഡിസ്ചാർജ് പ്രോട്ടോക്കോൾ ഉള്ളതിനാൽ രോഗമുക്തി നിരക്കും ഉയരുന്നത് പതുക്കെ. ദേശീയതലത്തിൽ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കിൽ സംസ്ഥാനത്തിത് 67 ശതമാനം. രോഗികളുടെ എണ്ണം പരിധി വിട്ടാൽ സംസ്ഥാനം ഡിസ്ചാർജ് പ്രോട്ടോക്കോൾ പുനപരിശോധിച്ചേക്കും.