കാസർകോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവർക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തിൽ വലിയ തോതിൽ ഓക്സിജന്‍റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്തു.

വെന്‍റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെ അറിവായിട്ടില്ല. കാസർകോട് ജില്ലയിൽ മരിച്ച നാല് പേരിൽ രണ്ട് പേരുടെയും രോഗ ഉറവിടം അറിയില്ല. കാസർകോട് ജില്ലയിൽ ഇന്നലെ മാത്രം 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 98 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 21 പേരുടെ ഉറവിടം വ്യക്തമല്ല. 

അതേസമയം, കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. 52 വയസ്സായിരുന്നു. ഇവ‍ർക്ക് കൊവിഡാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അർബുദരോഗിയായിരുന്നു ഷാഹിദ. ഇന്നലെയാണ് രക്താദിസമ്മർദ്ദവും ആസ്ത്മയും മൂലമാണ് റുഖിയാബിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. റുഖിയാബിയുടെ കുടുംബത്തിലുള്ളവർക്ക് കൊവിഡ് ഉണ്ടായിരുന്നു. ഷാഹിദയുടെ മരണം അർബുദം മൂലം തന്നെയാണെന്നാണ് വിവരം. ഇവരുടെ സ്രവപരിശോധന ഇന്ന് തന്നെ നടത്തും. പരിശോധനാഫലം വന്ന ശേഷമേ സംസ്കാരച്ചടങ്ങുകളും മറ്റും നടക്കൂ.