തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ഏപ്രിൽ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.  300 ഡോക്ടർമാരുടേയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും നിയമനം 24 മണിക്കുറിനകം നടത്തുവാനും പിഎസ്‍സി തീരുമാനിച്ചു. നിലവിലെ ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. 

കൊവിഡ് 19നെ നേരിടാൻ കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യം വരുമെന്നതിനാലാണ് തീരുമാനം. കൂടുതൽ ഡോക്ടമാരുടെ സേവനം സർക്കാർ തേടുമെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. 

ഏപ്രിൽ 14 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളും നേരത്തെ മാറ്റിവയ്ക്കുന്നതായി നേരത്തെ തന്നെ പിഎസ്‍സി അറിയിച്ചിരുന്നതാണ്. ഒഎംആർ, കായികക്ഷമതാ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റിവച്ചിട്ടുള്ളത്. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോ​ഗാം പുതുക്കി പ്രസിദ്ധീകരിക്കും. 

ആരോ​ഗ്യവകുപ്പിലെ ലാബ് ടെക്നീഷ്യൻ തസ്തികയുടെയും വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ ഉടൻ പ്രസിദ്ധീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമനശുപാർശ നടത്താനും നേരത്തെ പിഎസ്‍സി തീരുമാനിച്ചിരുന്നു.  

അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതിയും നീട്ടിവച്ചിട്ടുണ്ട്.