തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ കൊവിഡ് വ്യാപന സാഹചര്യം ഗൗരവമുള്ളതെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജയിലുകളിൽ ക്വാറന്‍റീൻ സൗകര്യം ഇല്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനങ്ങൾ ഒരുക്കണം.. പരോൾ അനുവദിക്കുകയോ നീട്ടി നൽകുകയോ ചെയ്യണം. ഉചിതമായ ഉത്തരവുകളിറക്കി കാലതാമസം ഇല്ലാതെ നടപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയിൽ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.

ജയിൽ അന്തേവാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആകെ പാർപ്പിക്കേണ്ട അന്തേവാസികളെക്കാൾ വളരെ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. തടവുകാരുമായി സമ്പർക്കം പുലർത്തുന്ന ജയിൽ ജീവനക്കാരുടെ സുരക്ഷക്ക് അതീവ പ്രാധാന്യമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ജയിലുകളിൽ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലെ ചില അന്തേവാസികൾ നൽകിയ പരാതിയിലാണ് നടപടി.