Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് കൊവിഡ് പരിശോധന വർധിപ്പിക്കുന്നു: പ്രതിദിനം 25000 പേർക്ക് പരിശോധന

കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും നിലവിൽ തുടരുന്ന പരിശോധനകൾക്ക് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 200 ടെസ്റ്റ് വീതവും നഗരസഭകളിൽ 500 ടെസ്റ്റുകളും നടത്തും.

covid 19  testing increased in malappuram
Author
Malappuram, First Published May 22, 2021, 9:21 PM IST

മലപ്പുറം: ജില്ലയിൽ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വർധിപ്പിക്കാൻ നടപടിയായതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഞായറാഴ്ച മുതൽ പ്രതിദിനം 25,000 പേർക്ക് പരിശോധന നടത്താനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. രോഗവ്യാപനം തിരിച്ചറിഞ്ഞ് വൈറസ് ബാധിതർക്ക് നിരീക്ഷണവും ചികിത്സയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 

കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും നിലവിൽ തുടരുന്ന പരിശോധനകൾക്ക് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 200 ടെസ്റ്റ് വീതവും നഗരസഭകളിൽ 500 ടെസ്റ്റുകൾ വീതവും നടത്താനാണ് തീരുമാനം. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി രണ്ട് മുതൽ മൂന്ന് വരെ പരിശോധനാ കേന്ദ്രങ്ങൾ ഭരണസമിതികൾ ഒരുക്കേണ്ടതാണ്. 

ഈ കേന്ദ്രങ്ങളിലേക്ക് പരമാവധി ആളുകളെ എത്തിക്കുന്നതിന് വാർഡുതല ആർ.ആർ.ടി കൾ നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല. പരിശോധനക്ക് ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകൾ, ജീവനക്കാർ തുടങ്ങിയ സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും. ആർ.ആർ.ടി വളണ്ടിയർമാർ അതാത് താലൂക്ക് തഹസീൽദാർമാരിൽ നിന്നും ലഭ്യമായ പാസ്സ് ഉപയോഗിച്ച് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനക്ക് വിധേയരാകുന്നവർ പരിശോധനാ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ജില്ലയ്ക്ക് പുറത്തു നിന്ന് വരുന്നവർ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. 

കൊവിഡ് പരിശോധന നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളും പരിശോധനക്ക് വിധേയരാകുന്നവരുടെ പേര്, മേൽവിലാസം, പഞ്ചായത്ത്, വാർഡ്, ഫോൺ നമ്പർ, താലൂക്ക് എന്നിവ വ്യക്തമായി ജില്ലയിലെ കൊവിഡ് പോർട്ടലിൽ തൽസമയം രേഖപ്പെടുത്തേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios