തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്കയകലാതെ തിരുവനന്തപുരം ജില്ലയും മലപ്പുറവും. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 500 കടന്നു. 566 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.  മലപ്പുറത്ത് 310 പേര്‍ക്കും കോഴിക്കോട് 286 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കൊല്ലത്ത് 265 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 287 പേരുടെ ഉറവിടമാണ് അറിയാത്തത്. സമ്പര്‍ക്ക വ്യാപനവും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 15 മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍ഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.