തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റം. രോഗികളെ ഡിസ്ചാർജ്ജ് ചെയ്യാൻ ഇനി ആൻ്റിജൻ പരിശോധന മതിയെന്നാണ് തീരുമാനം. പിസിആർ പരിശോധന നടത്തിയായിരുന്നു ഇത് വരെ രോഗികളെ ഡിസ്ചാർജ്ജ് ചെയ്തിരുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ്ജ് പ്രോട്ടോക്കോളിലും മാറ്റം വരുത്തുന്നത്. പുതിയ മാറ്റങ്ങൾ സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.

ഇത് രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്‍ചാർജ്ജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് തവണ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ചായിരുന്നു രോഗികളെ ഡ‍ിസ്ചാർജ്ജ് ചെയ്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഇത് ഒരു പിസിആർ ടെസ്റ്റ് നെഗറ്റീവ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്. 

ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ ആദ്യ പൊസിറ്റീവ് റിസൾട്ടിന് 10 ദിവസത്തിന് ശേഷം ആൻ്റിജൻ ടെസ്റ്റ് നടത്താം. ഇതിൽ നെഗറ്റീവാകുകയാണെങ്കിൽ ആശുപത്രി വിടാം. ഇതിന് ശേഷം ഏഴ് ദിവസം സമ്പർക്ക വിലക്ക് പാലിക്കണം. പൊതു സ്ഥലങ്ങളിൽ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. നേരിയ രോഗലക്ഷണം മാത്രമുള്ള വ്യക്തികളാണെങ്കിലും ഇത് തന്നെയായിരിക്കും പ്രോട്ടോക്കോൾ. 

കാറ്റഗറി ബിയിൽ പെട്ട കാര്യമായ രോഗലക്ഷണം കാണിക്കുന്ന രോഗികളാണെങ്കിൽ ആദ്യത്തെ പോസിറ്റീവ് റിസൾട്ട് വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തും. നെഗറ്റീവാകുകയാണെങ്കിൽ ആശുപത്രി വിടാം.