കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ മരിച്ചു. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസർകോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും കൊവിഡ് പരിശോധന ഫലം ഇത് വരെ വന്നിട്ടില്ല. ക്യാൻസർ രോഗിയായ ആയിഷയുടെ ഭർത്താവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചിരുന്നു. കൊല്ലം വാളത്തുങ്കൽ സ്വദേശി ത്യാഗരാജൻ, ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയി എന്നിവരാണ് മരിച്ചത്. തൃശൂർ, ആലപ്പുഴ കൊല്ലം എന്നീ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ജൂലൈ അഞ്ചിന് മരിച്ച തൃശൂർ സ്വദേശിയായ വത്സലയ്ക്കും ജൂലൈ ഏഴിന് മരിച്ച ആലപ്പുഴ സ്വദേശി ബാബുവിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം നെടുമ്പനയിൽ രണ്ട്‌ ദിവസം മുൻപ് മുങ്ങി മരിച്ച 78 വയസുകാരി ഗൗരിക്കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഈ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 74 വയസ്സുള്ള വാളത്തുങ്കൽ സ്വദേശി ത്യാഗരാജനും ഇന്ന് ഉച്ചയോടെ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹത്തിനു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ നല്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ത്യാഗരാജന്റെ രോഗ ഉറവിടവും വ്യക്തമല്ല. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം മരിച്ച ഇടുക്കി സ്വദേശി വൽസമ്മ ജോയിക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ഇവർക്കും എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.

തിരൂരിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ കുഴഞ്ഞ് വീണ് മരിച്ചു. യു എ ഈ യിൽ നിന്നെത്തിയ തിരൂർ അന്നാര സ്വദേശി താണിക്കാട്ട് അൻവറാണ് മരിച്ചത്. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അച്ചിരിക്കുകയാണ്. മലപ്പുറം ഏരങ്ങിമങ്ങാട് കൊവിഡ് ബാധിതയായ ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്ന് കുട്ടികളും മരിച്ചു. വിദേശത്തുനിന്നെത്തിയ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വേദന അനുഭവപെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊവിഡ് ന്യൂമോണിയ ബാധിച്ച 59 വയസുള്ള എടത്തല സ്വദേശിയും, 67വയസുകാരനായ ആലുവ എൻഎഡി സ്വദേശിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.