മൂന്നാര്‍: ഇടുക്കിയിൽ 840 വിദേശ വിനോദസഞ്ചാരികൾ നിരീക്ഷണത്തിൽ. ഇതിൽ 75 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ബ്രിട്ടീഷ് പൗരനുമായി മൂന്നാറിൽ സന്പർക്കം പുലർത്തിയ നൂറ്റമ്പതോളം പേരെയും നിരീക്ഷണത്തിലാക്കി.

ജില്ലയിലെ ഹോട്ടലുകളും റിസോട്ടുകളും കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ നിന്നാണ് വിദേശ വിനോദ സഞ്ചാരികളുടെ കണക്ക് ശേഖരിച്ചത്. പൊലീസും ആരോഗ്യവകുപ്പും ചേർന്നുള്ള സംഘമാണ് വിനോദ സഞ്ചാരമേഖലയിൽ പരിശോധന നടത്തുന്നത്. നിരീക്ഷണത്തിലുള്ള സഞ്ചാരികൾക്ക് ഇവർ ആവശ്യമായ വൈദ്യസഹായവും നൽകുന്നു.

ബ്രിട്ടീഷ് പൗരൻ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ 75 ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതിൽ പനി ബാധിച്ച ആറ് പേരെ ആരോഗ്യവകുപ്പ് സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽ കൂടുതൽ പേരുമായി സന്പർക്കം പുലർത്തിയോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊ‍ർജിതം. പരിശോധനയും നിരീക്ഷണവും കാര്യക്ഷമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.