Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗമുക്തിയും രോഗബാധയും ഏറ്റവും ഉയര്‍ന്ന ദിനം, 1420 പേര്‍ക്ക് കൂടി രോഗം, 1715 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1715 പേരാണ്. രോഗബാധയേക്കാള്‍ കൂടുതൽ രോഗമുക്തി നേടിയ ദിനം. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോർട്ട് ചെയ്തു. 

covid 19 updates kerala pinarayi press meet rain update
Author
Thiruvananthapuram, First Published Aug 8, 2020, 6:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധയുണ്ടായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി നേടിയത് 1715 പേരാണ്. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോർട്ട് ചെയ്തു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്നു. രാജമലയിൽ 26 മരണം. ഇന്നലെ 15 മൃതദേഹം കണ്ടെത്തി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടൻ, ദീപക്, ഷൺമുഖ അയ്യർ, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു

കരിപ്പൂരിൽ മരിച്ചത് 18 പേർ. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കത്തിലൂടെ 1216 പേർക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു. 

കൊവിഡ് ജില്ല തിരിച്ച് കണക്ക് 

തിരുവനന്തപുരത്ത് 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. 435 പേർക്ക് സമ്പർക്കം. 33 പേർ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. മറ്റ് ജില്ലകൾ. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 71, തൃശൂർ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് പത്ത്, കണ്ണുര്‍ 57 കൊല്ലം 41, പാലക്കാട് 39

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും. സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. പെട്ടിമുടിയിൽ തിരച്ചിൽ രാവിലെ ആരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ട് ടീം പ്രവർത്തിക്കുന്നു. പൊലീസും ഫയർ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതൽ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നു. ചതുപ്പുണ്ടായി. രാജമലയിൽ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. വലിയ വാഹനത്തിന് തടസം.

ഇടുക്കിയിലാകെ വ്യാപക നാശം. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീട് തകർന്നു. ചെകുത്താൻ മലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയിൽ നിരപ്പേൽകട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകൾ ജില്ലയിൽ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു. 

കരിപ്പൂർ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ചു. കോഴിക്കോട് പരിക്കേറ്റവർ കിടക്കുന്ന ആശുപത്രികൾ മന്ത്രിമാർ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നൽകും. എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 16 ആശുപത്രികളിൽ ജില്ലാ അതോരിറ്റി ചികിത്സ ഏകോപിപ്പിക്കുന്നു. മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരാണ്. നാല് കുട്ടികൾ. മരിച്ചവർ. ഷഹീർസെയ്ദ്, ലൈലാബി, ശാന്ത മരക്കാട്ട്, സുധീർ വാര്യത്ത്, ഷെസ ഫാത്തിമ, പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്, ആയിഷ ദുഅ, കോഴിക്കോട് സ്വദേശികളായ രാജീവൻ, മനാൽ അഹമ്മദ്, ഷറഫുദ്ദീൻ, ജാനകി കുന്നോത്ത്, അസം മുഹമ്മദ്, രമ്യ മുരളീധരൻ, ശിവാത്മിക, ഷെനോബിയ, ഷാഹിറ ബാനു. ഇവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റുമാരായ ദീപക് വസന്ത് സാഥേ, അഖിലേഷ് കുമാർ എന്നിവരും മരിച്ചു. 

149 യാത്രക്കാർ ആശുപത്രിയിലുണ്ട്. 23 പേർക്ക് ഗുരുതര പരിക്കാണ്. 23 പേരെ ഡിസ്ചാർജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരും ഉണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം വേഗത്തിലാക്കി. എല്ലാവരെയും കൊവിഡ് പരിശോധന നടത്തും. മരിച്ച ഒരാൾക്ക് ഇതുവരെ കൊവിഡ് കണ്ടെത്തി. അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മന്ത്രി എസി മൊയ്തീനും ജില്ലാ കളക്ടർമാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തിൽപെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചികിത്സ ലഭ്യമാക്കിയത്. വിമാന അപകടം സംഭവിച്ചപ്പോൾ തന്നെ നാട്ടുകാർ ഇടപെട്ടു. രക്ഷാപ്രവർത്തനം അത്ഭുത കരമായ വേഗത്തിൽ പൂർത്തിയാക്കി. രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖമാകട്ടെ.

മഴ ക്യാംപുകളിൽ 3530 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊത്തം 11446 പേരാണ് ക്യാംപുകളിലുള്ളത്. ഏറ്റവും കൂടുതൽ ക്യാംപ് വയനാട്ടിൽ. 69 ക്യാംപിൽ 3795 പേരാണ് അവിടെയുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 43 ക്യാംപുകളിലായി പത്തനംതിട്ടയിൽ 1015, കോട്ടയത്ത് 38 ക്യാംപിൽ 801, എറണാകുളത്ത് 30 ക്യാംപിൽ 852 പേരുമുണ്ട്. മലപ്പുറത്ത് 18 ൽ 890 പേരെ മാറ്റിപ്പാർപ്പിച്ചു. 

സംസ്ഥാനത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വേഗത്തിൽ ഉയരുന്നു. 24 മണിക്കൂറിൽ മുല്ലപ്പെരിയാറിൽ 190.4 മില്ലീമീറ്റർ മഴ പെയ്തു. ഏഴടി ജലനിരപ്പ് ഉയർന്നു. അതിനിയും ഉയരും. 136 അടി എത്തിയാൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം. തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അളവ് പാലക്കാട് ബേസിനിൽ കൂടി. പെരിങ്ങൽക്കുത്ത് ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. പറമ്പിക്കുളം, ആലിയാർ അണക്കെട്ട് തുറക്കുന്നതിന് മുൻപ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നാല് ഷട്ടർ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂർണ്ണമായി തകർന്നു. 5348 ഹെക്ടർ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് യാത്ര തിരിച്ചത്. പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ 51 ക്യാംപുകൾ തുറന്നു. മൂഴിയാറിന്റെയും മണിയാറിന്റെയും സ്പിൽവേ തുറന്നു. കക്കി ഡാമിൽ മണ്ണിടിഞ്ഞു. വെള്ളം കയറാൻ സാധ്യതയുള്ള സിഎഫ്എൽടിസികളിൽ നിന്ന് രോഗികളെ മറ്റ് സിഎഫ്എൽടിസികളിലേക്ക് മാറ്റും. പമ്പയുടെ കൈവഴിയുടെ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ചാലക്കുടിയിൽ ആറ് ക്യാംപ് തുറന്നു. 139 പേർ നിലവിൽ അവിടെയുണ്ട്. വാളയാർ ഡാം തുറക്കുമെന്ന മുന്നറിയിപ്പ് നൽകി. 

ഈ മേഖലയിലെ മണ്ണിടിച്ചിൽ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണം. നിലമ്പൂർ-നാടുകാണി രാത്രി ഗതാഗതം നിരോധിച്ചു. പ്രളയ സാധ്യത പ്രദേശങ്ങളിൽ 250 ബോട്ട് എത്തിച്ചു. ഒൻപതിടത്ത് രക്ഷാ പ്രവർത്തകരെ വിന്യസിച്ചു. വയനാട്ടിൽ 77 ക്യാംപ് തുറന്നു. 1184 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. 

മഴ തുടർന്നാൽ ബാണാസുര ഡാം തുറക്കേണ്ടി വരും. അതിശക്തമായ മഴയുണ്ടായാൽ പനമരം പുഴയിലെ പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴിവാക്കണം. കാസർകോട് കൊന്നക്കാട് വനത്തിൽ മണ്ണിടിഞ്ഞു. ചൈത്രവാഹിനി പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നേക്കും. വയനാട്ടിലെ തൊണ്ടർനാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണ വിധേയമായി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കുറ്റ്യാടി ചുരം ഗതാഗതത്തിന് തുറക്കും. രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനിൽക്കുന്നു. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ ഗതാഗത നിരോധനം. 

മഴയുടെ കാര്യത്തിൽ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കും. കേന്ദ്ര മുന്നറിയിപ്പ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇന്ന് കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിൽ റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.5 മിമീ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ ഓറഞ്ച് അലർട്ട് കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മറ്റന്നാൾ മലപ്പുറത്തും കണ്ണൂരും കൂടി ഓറഞ്ച് അലർട്ടിലാണ്. കേരളത്തി്ന്റെ തീരമേഖലയിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം

രാജമലയിലെയും കരിപ്പൂരിലെയും ധനസഹായത്തിൽ തെറ്റായ ധാരണയും ബോധപൂർവവും വിമർശനം ഉണ്ടാവാം. ഇത് രണ്ടും രണ്ട് രീതിയിലുള്ള ദുരന്തമാണ്. അതിന് ശേഷമുള്ള പ്രവർത്തനവും രണ്ട് രീതിയിലാണ്. രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യ ഘട്ട ധനസഹായമാണ്. അതോടെ എല്ലാം തീരില്ല. അവിടെ രക്ഷാപ്രവർത്തനം നടക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി പിന്നീടേ വിലയിരുത്താനാവൂ. നഷ്ടം പിന്നീടേ മനസിലാക്കാനാവൂ.

എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേർത്തുപിടിക്കേണ്ട അവസ്ഥയാണ്. സർക്കാരിന് മുന്നിലുള്ള ഉത്തരവാദിത്തം അതാണ്. ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടു. എല്ലാം ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട് സർക്കാരിന്. ഇത് രക്ഷാപ്രവർത്തനം കഴിഞ്ഞ് മാത്രമേ അത്തരം പ്രശ്നം എന്തെന്ന് മനസിലാക്കാനാവൂ. അവരെ സംരക്ഷിക്കും. അവരുടെ കൂടെ നിൽക്കുകയും ചെയ്യും. പല കാര്യങ്ങളും ഇതിന്റെ ഭാഗമായി വരും. 

രാജമലയിൽ പോയില്ല, കരിപ്പൂരിൽ പോയി എന്ന ആരോപണമുണ്ടായി.  അതിൽ രണ്ട് കാര്യം നോക്കണം. രക്ഷാപ്രവർത്തനമാണ് ഗൗരവമായി നടക്കേണ്ടത്. അതിനാണ് ആദ്യ ഘട്ടത്തിൽ ശ്രമിക്കേണ്ടത്. വിവിധ ഏജൻസികളെയും വിവിധ വിഭാഗങ്ങളെയും ഏകോപിപ്പിക്കണം. രാജമലയിൽ അത് നടക്കുന്നു. അവിടെ എത്തിച്ചേരാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. അപകടം നടന്ന ഉടൻ മൂന്നാറിലേക്ക് എങ്കിലും പോകാനാവുമോ എന്ന് നോക്കിയിരുന്നു. ഇന്നലെയത് പറഞ്ഞില്ലെന്നേയുള്ളൂ. കാലാവസ്ഥ മോശമായതിനാൽ പോകാനാവില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് മന്ത്രിമാർ കാർ മാർഗം പോയത്. ഓരോ സ്ഥലത്തിന്റെയും ആവശ്യം അനുസരിച്ച് നടപടി സ്വീകരിക്കുന്നുണ്ട്. 

കരിപ്പൂരിൽ രക്ഷാ പ്രവർത്തനം അവസാനിച്ചു. അത് അതിവിദഗ്ദ്ധമായാണ് നടന്നത്. എല്ലാവരും ആ രക്ഷാപ്രവർത്തന വേഗതയെ പ്രശംസിക്കുന്നു. നാടിന്റെ മികവാണ് അവിടെ കാണാനായത്. അവിടെ കഴിയുന്നവർക്ക് എന്ത് ചെയ്യാനാവും, അപകടത്തിന്റെ ഭീകരത അവിടെ കാണുമ്പോഴാണ് മനസിലാവുക. എയർക്രാഫ്റ്റ് താഴെ വന്ന് മുറിഞ്ഞ് ഒരു ഭാഗം മുന്നോട്ട് പോയി. മുന്നിലെ മതിലിൽ ഈ ഭാഗം ഇടിച്ചു. അത് പിന്നെയാണ് ഞങ്ങൾ കണ്ടത്. കോഴിക്കോട് പോയി തിരിച്ച് വന്ന ശേഷം. അവിടെയാണ് പൈലറ്റുമാർ മരിച്ചത്. വല്ലാത്തൊരു ദുരന്തമാണ്. അത്തരമൊരു ദുരന്തം സംഭവിച്ചാൽ ചിലപ്പോൾ ആരും രക്ഷപ്പെടില്ല. 18 പേരെ മരിച്ചൂ എന്നതിൽ ആശ്വസിക്കാം. നല്ലൊരു ഭാഗം രക്ഷപ്പെടാം. കത്താനും സ്ഫോടനം നടക്കാനും സാധ്യതയുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം എന്താണ് വേണ്ടതെന്ന് നോക്കാനാണ് പോയത്. വേർതിരിവില്ല. അങ്ങനെ കാണേണ്ടതില്ല. 

കൊവിഡ് സിഎഫ്എൽടിസി സർക്കാർ ഒരുക്കുന്നതാണ്. സർക്കാരാണ് സ്റ്റാഫിനെ നിയമിക്കുന്നത്. അതിന്റെ കൂടെ വളണ്ടിയർമാരും ചേരും. എല്ലാം ചേരുന്നതാണ് ഇവിടുത്തെ സ്ട്രെങ്ത്ത്. സ്വകാര്യ ആശുപത്രികൾ ബന്ധപ്പെടാൻ തയ്യാറായി. ചില ആശുപത്രികൾ പ്രവർത്തനം തുടങ്ങി. പ്രളയവുമായി ബന്ധപ്പെട്ടും കൊവിഡ് ഇതര ചികിത്സയ്ക്കും ആശങ്കപ്പെടേണ്ട. ആശുപത്രികൾ സജ്ജമാണ്. സ്വകാര്യ ആശുപത്രികളെയും നല്ല രീതിയിൽ ആശ്രയിക്കാനാവും. കൊവിഡ് ഒന്ന് കൈവിട്ട് പോയാൽ തിരിച്ച് വരാൻ കുറച്ച് ദിവസമെടുക്കും. തിരുവനന്തപുരത്ത് അത് തിരിച്ച് വരാൻ പറ്റും. നല്ല ജാഗ്രത വേണം. സഹകരണം വേണം. കരിപ്പൂർ വിമാന അപകടത്തിൽ ഡിജിസിഎ അന്വേഷിക്കുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥലം ഏറ്റെടുക്കാൻ ചില പ്രശ്നം നേരത്തെയുണ്ടായതാണ്. അന്വേഷണത്തിൽ എല്ലാം വ്യക്തമാകും.

പുല്ലുവിള സിഎഫ്എൽടിസി എവിടെ വേണം വേണ്ടയെന്ന് ഓരോ ആളും തീരുമാനിക്കുന്ന നില അപകടം. ചികിത്സാലയങ്ങൾ എല്ലായിടത്തും വേണം. അത് എല്ലാവരും മനസിലാക്കണം. ദുഷ്പ്രചരണത്തെ വിശ്വസിച്ച് എന്തിനേയും എതിർക്കാൻ പുറപ്പെടരുത്.

മത്സ്യബന്ധനത്തിന് എന്ന് പോകാനാവും എന്ന കാര്യത്തിൽ  ഇപ്പൊ കടലിൽ പോയാൻ എന്താകുമെന്ന് എല്ലാവർക്കും അറിയാം. അത് ട്രോളിങുമായി ബന്ധപ്പെട്ടതല്ല. കാലർഷത്തിന്റെ പ്രത്യേകത കാരണം നാട്ടിൽ വല്ലാത്ത അവസ്ഥയാണ്. അത് സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാറ്റാനാവില്ല. മത്സ്യത്തൊഴിലാളികളോടുള്ള പ്രത്യേകത വെച്ച് അവര് കടലിൽ പോയ്ക്കോട്ടെ എന്ന് വച്ചാൽ അവർക്ക് തന്നെ കിട്ടുന്ന പണി വേറെയാവും. അത്ര പ്രക്ഷ്ബ്ധമാണ് കടൽ. വിവേകമുള്ള സർക്കാരിന് ആ നിലപാട് എടുക്കാനാവില്ല. 

റെഡ് ക്രസന്റ് യുഎഇയുടെ ചാറിറ്റി ഓർഗനൈസേഷനാണ്. നേരത്തെ അവർ ഇവിടെ സഹകരിക്കാൻ തയ്യാറായി. അന്ന് സഹകരിപ്പിക്കാനായില്ല. പിന്നീട് അവർ മറ്റൊരു പദ്ധതിയിൽ സഹകരിക്കാൻ തയ്യാറായി വന്നു. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർഗനൈസഷൻ. അവർ സഹായം ചെയ്യാനായി വന്നപ്പോൾ അവർക്ക് സ്ഥലം കാണിച്ചുകൊടുത്തു. അതിന് ശേഷം ഉള്ളതെല്ലാം അവർ നേരിട്ട് ചെയ്തതാണ്. അതിൽ സർക്കാർ ഭാഗമല്ല. അവർ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇയുടെ ചാരിറ്റി ഓർഗനൈസേഷനാണ് റെഡ് ക്രസന്റ്. അവർ ഒരു പദ്ധതിക്ക് ഇവിടെ പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് മനസിലാക്കിയാൽ അത് പരിശോധിക്കാം. ആ തട്ടിപ്പ് ആ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് നടത്തുന്നതല്ലേ. ആ നിലയ്ക്ക് മനസിലാക്കേണ്ടതാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള മുൻകൈയും വേറെയാരും ചെയ്തിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി നടക്കുന്ന കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി നടക്കട്ടെ. ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതല്ല. 

ഒരു പ്രശ്നം ഉണ്ടാകുന്നതും ചൂണ്ടിക്കാണിക്കുന്നതും, തെറ്റായ കാര്യത്തിൽ നടപടിയും രണ്ടാണ്. സ്പ്രിങ്ക്ളർ ഇടപാട് കോടതിയിലാണ്. നടപടി വന്നത് ഇദ്ദേഹത്തിന് വഴിവിട്ട ഇടപെടലെന്ന് ആക്ഷേപം വന്നു. അതിനെ തുടർന്ന് പരിശോധിച്ചപ്പോൾ അദ്ദേഹം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തെന്ന് മനസിലാക്കി നടപടിയെടുത്തു. ചിലരുടെ മാധ്യമങ്ങൾക്ക് പ്രത്യേകമായ ഉദ്ദേശമുണ്ട്. അതിന്റെ പിന്നിൽ കലിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ മാനമുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇടത് സർക്കാരിന് വലിയ യശസ് വരുന്നു. അത് ചിലർക്ക് വല്ലാത്ത പൊള്ളലുണ്ടാക്കി. അത് രാഷ്ട്രീയമായ പ്രശ്നം. അതിനെ രാഷ്ട്രീയമായി നേരിടാനാവാതെ വരുമ്പോൾ ഉപജാപങ്ങളിലൂടെ നേരിടുന്നു. 

ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീർക്കണം. അതിനാണോ ശ്രമിക്കുന്നത്. നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ വിലയിരുത്തലുണ്ടോ. രാഷ്ട്രീയമായി സർക്കാരിനെ അപകീർത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. അതിന് പലമാർഗങ്ങളും സ്വീകരിച്ചു. ഇന്നത്തെ പ്രൊഫഷണലിസം പല തരത്തിൽ ഉപയോഗിക്കും. അപകീർത്തിപ്പെടുത്താൻ എങ്ങിനെ സാധിക്കുമെന്ന് നോക്കാനും പ്രൊഫഷണലിസം ഉപയോഗിക്കും. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാൻ ചില മാധ്യമങ്ങളും തയ്യാറായി. അപ്പോഴാണ് സ്വർണ്ണക്കടത്ത് പ്രശ്നം വന്നത്. ആദ്യ ദിവസത്തെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, ഓഫീസിൽ നിന്ന് വിളി. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ്. അതിന്റെ ഭാഗമായി നിങ്ങളിൽ ചിലരും ചേരുന്നു. നിങ്ങൾ കരുതരുത്, വാർത്തയുടെ മേലെയാണ് നിൽക്കുന്നതെന്ന്. ജനം എല്ലാം ശരിയായി മനസിലാക്കുന്നുണ്ട്. അതിൽ തന്നെയാണ് എനിക്ക് വിശ്വാസം. അതുകൊണ്ടാണ് തെറ്റായ വാർത്ത കൊടുക്കുമ്പോഴും ഒരു തരത്തിലുള്ള മനസ് ചാഞ്ചല്യവും ഉണ്ടാകാത്തത്. 

 

Follow Us:
Download App:
  • android
  • ios