മലപ്പുറം: 32 പേര്‍ക്ക് കൂടി  കോവിഡ്  സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം  അഞ്ഞൂറു കടന്നു.രോഗം സ്ഥിരീകരിച്ച 517 പേരില്‍ 244 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കു പുറമേ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ജില്ലയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച 32 പേരില്‍ 19 പേരെത്തിയത് വിദേശത്ത് നിന്നാണ്. 9 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായവരാണ് മൂന്നു പേര്‍. ഇതില്‍ താനൂര്‍ വില്ലേജ് ഓഫീസിലെ  ജീവനക്കാരനും ഉള്‍പെടും.അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മങ്കട നെച്ചിനിക്കോട് സ്വദേശിയാണ്  സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മറ്റൊരാള്‍.

കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ കൂടിവരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സമൂഹ വ്യാപനമുണ്ടായോയെന്ന പരിശോധന പൊന്നാനി താലൂക്കിലാകെ നടത്തുന്നതിനിടയിലാണ് മറ്റിടങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 517 പേരില്‍ 269 പേര്‍ രോഗമുക്തി നേടിയതാണ് ആരോഗ്യവകുപ്പിന്‍റെ ഏക ആശ്വാസം.

കൊവിഡ് സ്ഥിരീകരിച്ച  ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാളിലെ രണ്ട് ആശുപത്രികളിലുമുള്ളവരുടെ പരിശോധന ഇതിനകം തന്നെ ഏറെക്കുറെ പൂര്‍ത്തിയാക്കാനായിട്ടുണ്ട്. പ്രദേശത്തെ ബാക്കി ആളുകളുടെ പരിശോധന തുടരുകയാണ്. ട്രിപ്പില്‍ ലോക്ഡൗണിന്‍റെ ഭാഗമായി പൊന്നാനി താലൂക്കില്‍ പൊലീസ് ഏര്‍പെടുത്തിയ കര്‍ശന നിയന്ത്രണവും തുടരുന്നുണ്ട്.

അതേസമയം മലപ്പുറം താനൂർ വില്ലേജ് ഓഫീസ് അടച്ചു. സമ്പർക്കത്തിലൂടെ ജീവനക്കാരന് രോഗം ബാധിച്ചതിനാലാണ് നടപടി. താനൂർ നഗരസഭ ഓഫിസിൽ പൊതുജനസേവനങ്ങൾ ജൂലൈ 10 വരെ നിർത്തിവെച്ചു.