Asianet News MalayalamAsianet News Malayalam

കൊവിഡ് ആശങ്കയൊഴിയാതെ തലസ്ഥാനം; ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും വ്യാപനം

തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കൽ സോണുകളായി തിരിച്ചാണ് പിന്നീട് രോഗവ്യാപനത്തെ ചെറുത്തത്. പക്ഷെ ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പകരുകയാണ്. 

covid cases increased trivandrum coastal covid cluster
Author
Thiruvananthapuram, First Published Aug 2, 2020, 6:51 AM IST

തിരുവനന്തപുരം: രോഗവ്യാപനം പിടിവിട്ട് കുതിക്കുന്ന തിരുവനന്തപുരത്ത് ജൂലൈയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പട്ടത് 4531 കേസുകൾ. ഇതിൽ 3167 പേർ ഇപ്പോൾ ചികിത്സയിലാണ്. ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും വ്യാപനം തുടരുന്നതാണ് നിലവിലെ ആശങ്ക.

സംസ്ഥാനത്ത് ഏറ്റവും അധികം പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയപ്പെട്ട ജൂലൈയിൽ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂൺ 30ന് ജില്ലയിൽ 97 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി‍എസ്‍എസ്‍‍സിയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്ത് ആശങ്ക തീരത്തേക്ക് പടർന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയർന്നു. പത്താം തീയതി 129 കേസുകളും 14ന് 200 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 16ന് 339 കൊവിഡ് രോഗികൾ. 246 പേർക്ക് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ലാർജ്ജ് ക്ലസ്റ്ററുകൾക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്ററുകളും രൂപപ്പെട്ടു. 

തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കൽ സോണുകളായി തിരിച്ചാണ് പിന്നീട് രോഗവ്യാപനത്തെ ചെറുത്തത്. പക്ഷെ ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പകരുകയാണ്. അഞ്ചുതെങ്ങിന് സമീപത്തെ കടയ്ക്കാവൂരിലും പൊഴിയൂർ ഉൾപ്പെടുന്ന കുളത്തൂരിലും രോഗവ്യാപനം ഉയരുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര, കട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവിൽ ആശങ്കയേറുകയാണ്. നഗരത്തിലുള്ള ബണ്ട് കോളനിയിൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത പൊസിറ്റീവ് കേസുകളുടെ 23 ശതമാനവും തിരുവനന്തപുരത്തായിരുന്നു. പ്രായമായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മുൻഗണ നൽകി പ്രതിദിനം 1500ന് അടുത്ത് പരിശോധനകളാണ് നിലവിൽ ജില്ലയിൽ നടക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള സുപ്രധാന നയമാറ്റത്തിലേക്കും ജില്ല കടക്കുകയാണ്. അടുത്ത ദിവസം ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറങ്ങും.

Follow Us:
Download App:
  • android
  • ios