പാലക്കാട്: ദിവസങ്ങൾക്ക് ശേഷം വീണ്ടും പാലക്കാട് കൊവിഡ് കണക്കുകൾ കൂടുന്നു. 14 പേർക്കാണ് വ്യാഴാഴ്ച പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുളള രോഗബാധയില്ലെന്നതാണ് നേരിയ ആശ്വാസം. ഒരാഴ്ചയ്ക്ക് ശേഷമാണ് പാലക്കാട് ജില്ലയിലെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടക്കമാവുന്നത്. 

വിദേശത്തു നിന്നുമെത്തിയ  8 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കുമാണ് രോഗബാധ.  സമ്പർക്കത്തിലൂടെ രോഗബാധ  ദിവസങ്ങളായി ഇല്ലെന്നതും  പാലക്കാടിന് ആശ്വാസമുണ്ട്. 11  പേർ കൂടി രോഗമുക്തരായതോടെ, നിലവിൽ 127 പേരാണ് പാലക്കാട് ചികിത്സയിലുളളത്. അതേസമയം അതിർത്തി ജില്ലയായതിനാൽ രോഗ വ്യാപനം കൂടുതലുണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് നടപടികൾ. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി കെ ജഗദീഷ് ചുമതലയേറ്റിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പാലക്കാട് മെഡി.കോളേജ് ആശുപത്രിയിലാണ് കൊവിഡ് ഒപി സജ്ജീകരിച്ചിരിക്കുന്നത്. ഈ ആഴ്ച തന്നെ കിടത്തി ചികിത്സയും ഇവിടെ തുടങ്ങാനാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 

കൊവിഡ് ടെസ്റ്റിനുളള ലാബ് സജ്ജീകരിച്ചാലുടൻ ഐസിഎംആർ അംഗീകാരത്തിന് അപേക്ഷിക്കാം. കിടത്തി ചികിത്സയ്ക്കും അംഗീകാരം വേണം. ദിവസങ്ങൾക്കകം ഇതിനുളള അപേക്ഷ നൽകും. 100 കിടകകളുളള സംവിധാനമാണ് ആദ്യഘട്ടത്തിൽ പാലക്കാട് മെഡി. കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നത്.