Asianet News MalayalamAsianet News Malayalam

24 മണിക്കൂറിൽ 9851 പുതിയ കേസുകൾ; കൊവിഡ് കണക്കിൽ ഇറ്റലിയെ മറികടക്കാനൊരുങ്ങി ഇന്ത്യ

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 65 ശതമാനവും നാല് സംസ്ഥാനങ്ങളിലാണ് 

covid cases surging in india
Author
Delhi, First Published Jun 5, 2020, 10:16 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി ശക്തിപ്പെടുന്നു. ഒരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 9851 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 273 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. ഒരോ ദിവസം കഴിയും തോറും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണ്. 

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയർന്നു. അതേസമയം ഇതിൽ 1,10,960 - പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6348 പേർ ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടു.   

കഴിഞ്ഞ 24 മണിക്കൂറിൽ 1,43,661 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 43 ലക്ഷം (43,86,379) പേരുടെ കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തിൽ 6.67 ആണ്. എന്നാൽ മഹാരാഷ്ട്രയിൽ ഇതു നൂറു പേരിൽ 16  എന്ന കണക്കിലാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്. 

നിലവിലെ രോഗവ്യാപനത്തിൻ്റെ തോത് പരിശോധിക്കുമ്പോൾ നാളെയോ മറ്റന്നാളോ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. 2.33 ലക്ഷം കൊവിഡ് കേസുകളാണ് ഇറ്റലിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്ത്യയേക്കാൾ അഞ്ചിരട്ടി മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios