ഇടുക്കി: കട്ടപ്പനയിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കട്ടപ്പന ചന്ത അടച്ചു. ചന്തയിൽ പഴങ്ങളും പച്ചക്കറികളും  എത്തിക്കുന്ന ഡ്രൈവർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചന്ത അടച്ചിടാൻ‌ ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡും,  കെഎസ്ആർടിസി  ജംഗ്ഷനിൽ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. 

കട്ടപ്പനയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാണെന്ന് ആരോ​ഗ്യവകുപ്പ് പറഞ്ഞിരുന്നു. ഇയാൾക്ക് 30ലധികം ആളുകളുമായി  പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടുണ്ട്. 

ഇടുക്കിയിൽ ഇന്ന് രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്  അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും,തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.