മലപ്പുറം: മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗി മരിച്ച ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നില്ല. സാമ്പിളിന്റെ തുടര്‍ പരിശോധനാ ഫലത്തിലാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. 

ജൂണ്‍ 24 നാണ് തമിഴ്നാട് കള്ളാക്കുര്‍ച്ചി സ്വദേശിയായ അരശന്‍ (55) മരിച്ചത്. കോട്ടക്കല്‍ പാലത്തറയില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന ഇയാളെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജൂണ്‍ 24 ന് പുലര്‍ച്ചെ ആറ് മണിക്ക് മരിക്കുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു.  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് തമിഴ്നാട്ടില്‍ സംസ്‌ക്കരിച്ചത്. 

Read Also: കോട്ടയത്ത് ജൂണില്‍ പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം, 352 സാമ്പിളുകളും നെഗറ്റീവ്...