പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും ഐസിയുവിലുമുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.  

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും ഐസിയുവിലുമുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മരണം ഉണ്ടായത് ഓ​ഗസ്റ്റ് രണ്ടിനാണ്. അന്ന് ഒരാൾ മാത്രമാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഏറ്റവും കൂടിയ മരണസംഖ്യ രേഖപ്പെടുത്തിയത് നവംബർ 11നാണ്, 29 മരണം. കഴിഞ്ഞ ദിവസത്തെ മരണനിരക്ക് 0.4 ശതമാനം ആണ്, മരിച്ചത് 25 പേർ. കഴിഞ്ഞ 7 ദിവസത്തെ ശരാശരി കണക്ക് 24 മരണം എന്നതാണ്. ആകെ മരണനിരക്ക് ആവട്ടെ 0.37 ശതമാനം ആണ്.

ഒക്ടോബറിലുണ്ടായത് 2,36,999 പുതിയ രോഗികളാണ്. ഇക്കാലയളവിൽ ഉണ്ടായത് 742 മരണം ആണ്. നവംബറിൽ ഇതുവരെ 1,60,852 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 76,147 രോഗികളുടെ കുറവുണ്ടായി. എന്നാൽ, മരണനിരക്കിൽ കാര്യമായ കുറവില്ല. ഇതുവരെ മരണം 712 ആയി. പ്രതിദിനം ശരാശരി 20നു മുകളിലാണ് മരണനിരക്ക്. നിലവിൽ ഐസിയുവിൽ ഉള്ളത് 855 രോഗികളാണ്. വെന്റിലേറ്ററിൽ ഉള്ളത് 227 രോഗികളാണ്. കഴിഞ്ഞ ആഴ്ച്ചയിൽ ഇത് 928ഉം 235ഉം ആയിരുന്നു. 

0.37 ആണ് നിലവിൽ സംസ്ഥാനത്തെ ആകെ മരണനിരക്ക്. രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിട്ടും മരണം കാര്യമായ കുറവില്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ നിരക്ക് ഉയർന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ശരാശരി 24 മരണം. പ്രതിവാര കണക്കുകൾ നോക്കിയാലും പുതിയ രോഗികൾ കുറഞ്ഞ് രോഗമുക്തരുടെ എണ്ണം കൂടുകയാണ്. പക്ഷെ മരണനിരക്ക് കാര്യമായി കുറയുന്നില്ല. ഒക്ടോബറിൽ ആകെ 742 പേർ മരിച്ചപ്പോൾ ഈ മാസം 28 ആയപ്പോഴേക്കും 712 മരണമുണ്ടായി.

അതായത് ഈ നിലയിൽ തുടർന്നാൽ മരണനിരക്ക് ഒക്ടോബറിനെ മറികടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 76,000ത്തിലധികം രോഗികൾ കുറഞ്ഞിട്ടും മരണനിരക്കിൽ കാര്യമായ മാറ്റമില്ല. രോഗവ്യാപനത്തിലെ കുറവ് മരണനിരക്കിൽ പ്രതിഫലിച്ചു തുടങ്ങാൻ സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 20ന് മുകളിലാണ് എല്ലാ ദിവസവും മരണം. ഇത് ഇതുവരെ 30നു മുകളിൽ ഉയർന്നിട്ടില്ല എന്നതും ചേർത്തു വായിക്കണം.