Asianet News MalayalamAsianet News Malayalam

കൊവിഡ് മരണം: സര്‍ക്കാരിന് ഒരു കണക്ക്, ജില്ലാ ഭരണകൂടത്തിന് മറ്റൊരു കണക്ക്; പൊരുത്തക്കേട്

ജില്ലാ തലത്തിലെ കണക്കുകൾ അപ്പപ്പോൾ കിട്ടുന്ന റിപ്പോർട്ടുകളനുസരിച്ചാണെന്നും സർക്കാർ വെബ്സൈറ്റിലെ കണക്കുകളാണ് ഔദ്യോഗികമെന്നുമാണ് വിശദീകരണം. അതേസമയം ഇതുവരെ പുറത്തിറങ്ങിയ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടുകളടക്കമുള്ളവയിൽ ഈ വൻതോതിൽ ഉള്ള ഒഴിവാക്കലുകൾ പരാമർശിക്കുന്നുമില്ല

covid death stats of government and district administration indifferent
Author
Thiruvananthapuram, First Published Oct 27, 2020, 7:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിൽ സർക്കാരിന്റെ ഔദ്യോഗിക കണക്കും ജില്ലാ ഭരണകൂടങ്ങളുടെ കണക്കുകളും തമ്മിൽ വൻ പൊരുത്തക്കേട്. മലപ്പുറത്ത് കൊവിഡ് ബാധിച്ച് 217 പേർ മരിച്ചതായി ജില്ലാ ഭരണകൂടം പറയുമ്പോൾ സർക്കാർ കണക്കിൽ 129 മാത്രമേയുള്ളൂ. വയനാട്ടിൽ രണ്ടു കണക്കും തമ്മിലുള്ള വ്യത്യാസം 32 ആണ്.

കൊവിഡ് മരണങ്ങളെ സർക്കാർ വ്യാപകമായി ഒഴിവാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളിലെ അന്തരമെന്നാണ് ഉയരുന്ന വിമർശനം. ജില്ലാ കളക്ടറുടെ അറിയിപ്പ് പ്രകാരം മലപ്പുറത്ത് 217 പേർ ഇതുവരെ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചതായാണ് കണക്ക്. എന്നാൽ, ആരോഗ്യ വകുപ്പിന്റെ പട്ടികയിലിത് 129 മാത്രമാണ്.

പട്ടിക തിരുവനന്തപുരത്തെത്തിയപ്പോൾ 88 മരണങ്ങൾ അപ്രത്യക്ഷമായി. പത്തനംതിട്ട ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചിരിക്കുന്ന കൊവിഡ് കണക്ക് പ്രകാരം ജില്ലയിൽ മൊത്തം മരിച്ചത് 79 പേരാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ ഇത് ഒമ്പത് മാത്രം. വയനാട്ടിലാണ് മറ്റൊരു വലിയ അന്തരം. 42 പേർ ചികിത്സയിലിരിക്കെ മരിച്ചതായി ജില്ലാ കളക്ടറുടെ അറിയിപ്പ്. എന്നാൽ, സർക്കാർ കണക്കിൽ ഔദ്യോഗിക മരണങ്ങൾ 10 മാത്രം. കോഴിക്കോട്, കണ്ണൂർ, കൊല്ലം, എറണാകുളം ജില്ലകളിൽ കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും കാര്യമായ അന്തരമില്ല. ജില്ലാ കണക്കും ഔദ്യോഗിക കണക്കും തമ്മിലുള്ള വ്യത്യാസം പത്തിൽ താഴെയാണ്.

വ്യാപനം കൂടിയതോടെ കൊവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ തുടക്കം മുതൽ വിമർശനം ശക്തമാണ്. ഇതിനിടയിലാണ് ജില്ലാ ഭരണകൂടങ്ങൾ പ്രഖ്യാപിക്കുന്ന മരണങ്ങളും ഒഴിവാക്കപ്പെടുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ ഡോക്ടർമാർ രൂപീകരിച്ച കൂട്ടായ്മയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ 2400 കടന്നുവെന്നാണ് പറയുന്നത്.

സർക്കാർ കണക്കിലിത് 1352 മാത്രമാണ്. അതേസമയം, ജില്ലാ തലത്തിലെ കണക്കുകൾ അപ്പപ്പോൾ കിട്ടുന്ന റിപ്പോർട്ടുകളനുസരിച്ചാണെന്നും സർക്കാർ വെബ്സൈറ്റിലെ കണക്കുകളാണ് ഔദ്യോഗികമെന്നുമാണ് വിശദീകരണം. അതേസമയം ഇതുവരെ പുറത്തിറങ്ങിയ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടുകളടക്കമുള്ളവയിൽ ഈ വൻതോതിൽ ഉള്ള ഒഴിവാക്കലുകൾ പരാമർശിക്കുന്നുമില്ല. ഈയിടെ പരിശോധിച്ച 252 മരണങ്ങളിൽ 20 എണ്ണം മാത്രമാണ് കൊവിഡ് മരണ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പറയുന്നത്. 

Follow Us:
Download App:
  • android
  • ios