തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ജീവൻരക്ഷാ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ വഴി വാങ്ങി സംഭരിക്കാൻ സര്‍ക്കാര്‍ തീരുമാനം. കേന്ദ്രീകൃത സംഭരണം വരുന്നതോടെ ആശുപത്രികളില്‍ എല്ലാ സമയത്തും മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താനാകും. ഇതുവരെ ആശുപത്രികള്‍ സ്വന്തം നിലയ്ക്കാണ് വലിയ വിലയുള്ള മരുന്നുകൾ വാങ്ങിയിരുന്നത്.

ആന്‍റി വൈറൽ മരുന്നുകളായ ടോസിലിസുമാബ് ഇൻജക്ഷൻ, റംഡിസിവിര്‍ ഇൻജക്ഷൻ, ഫ്ലാവിപിറാവിൾ ഗുളികകള്‍ എന്നിവയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ വഴി വാങ്ങുന്നത്. ഇതിനായി കൊവിഡ് ആശുപത്രികളില്‍ നിന്ന് ആവശ്യമായ മരുന്നുകളുടെ കണക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാസന്ന നിലയിലാകുന്ന കൊവിഡ് രോഗികളുടെ ജീവൻ നിലനിര്‍ത്താനാവശ്യമായ ടോസിലിസുമാബ് ഉൾപ്പെടെ 30000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മരുന്നുകള്‍ ഇതുവരെ ആശുപത്രികൾ സ്വന്തം നിലയ്ക്കാണ് വാങ്ങിയിരുന്നത്. ഈ മരുന്നുകള്‍ക്കായി മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് കാല്‍ക്കോടിയിലധികം രൂപ വരെ ചെലവായിട്ടുണ്ട്. 

എച്ച് ഡി എസ് ഫണ്ടില്‍ നിന്നുള്‍പ്പെടെ പണം കണ്ടെത്തിയാണ് ആശുപത്രികൾ ചികിത്സ നൽകിയത്. ഈ നില തുടര്‍ന്നാല്‍ ആശുപത്രികൾക്ക് സാമ്പത്തിക ഭാരം കൂടും. മാത്രവുമല്ല പലപ്പോഴും ഈ മരുന്നുകൾ ആശുപത്രികളില്‍ സ്റ്റോക്കില്ലാത്ത സാഹര്യവും ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് മെഡിക്കൽ സര്‍വീസസ് കോര്‍പറേഷൻ വഴി മരുന്നുകൾ സംഭരിച്ച് വിതരണം ചെയ്യണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ ഉന്നയിച്ചത്. വളരെ കുറവ് കമ്പനികളാണ് ഈ മരുന്നുകളിപ്പോൾ വില്‍ക്കുന്നത്. അതുകൊണ്ട് ടെണ്ടര്‍ നടപടികളില്ലാതെ തന്നെ കാരുണ്യ ഫാര്‍മസികള്‍ വഴി ഈ മരുന്നുകൾ വാങ്ങാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ്റെ തീരുമാനം. കൊവിഡിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ അനുമതി ഉള്ളതിനാല്‍ സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.