കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ച ഉള്ളിയേരി സ്വദേശി രാജന്‍റെ മൃതദേഹം ഒടുവിൽ സംസ്കരിച്ചു. മരിച്ച് ഒന്നര ദിവസത്തിന് ശേഷമാണ് സംസ്കാരം. കോർപ്പറേഷനും പഞ്ചായത്തും തമ്മിലുള്ള തർക്കം കാരണം സംസ്കാരം വൈകിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തത് കൊണ്ട് മൃതദേഹം  സംസ്കരിക്കാന്‍ പറ്റില്ലെന്ന് ഉള്ളിയേരി പഞ്ചായത്തും കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാൽ ഏറ്റെടുക്കാനാവില്ലെന്ന് കോർപ്പേറഷൻ ഉദ്യോഗസ്ഥരും നിലപാടെടുത്തതാണ് തർക്കത്തിന് കാരണമായത്. ഒടുവിൽ കളക്ടർ ഇടപെട്ടതോടെയാണ് വൈകിട്ട് നാലരയോടെ മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്. അതേസമയം ഉള്ളിയേരി പഞ്ചായത്ത് അധികൃതർ നടപടിക്രമം പാലിക്കാത്തതാണ് സംസ്കാരം വൈകാൻ കാരണമായതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു