കണ്ണൂര്‍: കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ കണ്ണൂർ ആറളം സ്വദേശി ദിലീപിന്‍റെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. നൂറിലേറെ പേരുമായി സമ്പർക്കമുണ്ടെങ്കിലും പകുതി ആളുകളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

ശനിയാഴ്ച രാവിലെയാണ് മോഷണ കേസിൽ റിമാൻഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയത്. ഇവിടത്തെ സുരക്ഷ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന ദിലിപ് ബൈക്കിൽ ലിഫ്റ്റിടച്ചും രണ്ട് ബസുകളിൽ യാത്ര ചെയ്തുമാണ് ഇരിട്ടിയിൽ എത്തിയത്. ഇവിടെ വച്ചാണ് പൊലീസ് പിടികൂടുന്നത്. ബസ് യാത്രയിൽ ഇയാളുടെ ഒപ്പം നൂറിലേറെ പേർ ഉണ്ടായിരുന്നു. ഈ ബസിലുണ്ടായിരുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നായിരുന്നു നിർദേശം. 

എന്നാൽ ഇതുവരെ അമ്പതോളം പേർ മാത്രമാണ് ബന്ധപ്പെട്ടത്. മറ്റുള്ളവരെ കണ്ടെത്താനുള്ള നടപടികൾ നടന്ന് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ദിലീപ് ലിഫ്റ്റടിച്ച് പോയ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ക്വാറന്‍‍റീൻ ചെയ്തു. ഈ മാസം 21ന് ദിലീപുമൊത്ത് തെളിവെടുപ്പ് നടത്തിയ ആറളം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ ഏഴ് പൊലീസുകാർ, മട്ടന്നൂ‍ർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റ് ഉൾപ്പടെ പത്തോളം ജീവനക്കാ‍ർ, ഇയാളെ ആദ്യം പാർപ്പിച്ചിരുന്ന തോട്ടട ക്വാറന്‍‍റീൻ സെന്‍ററിലെ നാലു പേര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.

കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കട്ടിലുകള്‍ വാങ്ങി; പടിഞ്ഞാറത്തറ പഞ്ചായത്തില്‍ വിവാദം