കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ പിടികൂടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി സമ്പര്‍ക്കത്തിലായി. പ്രൈവറ്റ് ബസിൽ കയറിയാണ് ഇരിട്ടിയിലെത്തിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ ക്വാറന്‍റീനിൽ പോകേണ്ട അവസ്ഥയിലുമായി. 

തടവ് ചാടിയ ശേഷം ഒരു ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി വീട്ടിൽ വിളിച്ചു. പ്രൈവറ്റ് ബസിൽ കയറി മട്ടന്നൂർ സ്റ്റാൻഡിൽ ഇറങ്ങിയെന്ന വിവരമാണ് പൊലീസിന് ആദ്യം കിട്ടിയത്. അതിന് ശേഷമാണ് വീണ്ടും ബസ്സിൽ കയറി  ഇരിട്ടിയിലെത്തിയത് എന്നാണ് വിവരം. 

ഇരിട്ടി ടൗണിൽ നിന്ന് ഇയാളെ കണ്ടെത്തിയ പൊലീസ് അവിടെ തടഞ്ഞു വച്ചു. പിന്നീട് പിപിഇ കിറ്റൊക്കെ ധരിച്ചെത്തിയാണ് പിടികൂടിയത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ദിലീപ് എന്നയാളാണ് തടവുചാടിയത്. ആറളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.