Asianet News MalayalamAsianet News Malayalam

'കൊവിഡ് രണ്ടാം തരംഗം വലിയ വെല്ലുവിളി'; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്രസംഘം

കൊവിഡ് രണ്ടാംതരംഗത്തിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര മുന്നറിയിപ്പ്. കണ്ണൂർ അടക്കം ആറ് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം. 35വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ
ഉടനെന്നും കൊവിഡ് ദൗത്യ സംഘാംഗം ഡോ. സുനീല ഗാര്‍ഗ്.

covid second wave Central Warns Kerala
Author
Delhi, First Published Apr 4, 2021, 7:09 AM IST

ദില്ലി: കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം  തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും , 35വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്സീന്‍ നല്‍കിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള  ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ് ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ സുനീല ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ തവണത്തെപോലെ കേസുകള്‍ ഉയരുന്നു. മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടകം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, രോഗം മാറിയെന്ന് ആളുകള്‍ ധരിച്ചതോടെ പ്രതിരോധം പാളി. വാക്സിനോട് ആളുകള്‍ വിമുഖതയും കാണിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ആളുകള്‍ മാത്രമല്ല നിയന്ത്രണത്തില്‍ ഭരണകൂടങ്ങള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും സുനീല ഗാര്‍ഗ് പറഞ്ഞു.   

കേരളത്തില്‍ എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗബാധ തീവ്രമാണ്. കണ്ണൂരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വോട്ടിംഗ് ദിനത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ വൃത്തങ്ങള്‍ വരച്ചിടണം, സാനിട്ടൈസര്‍, മാസ്ക് ഇതെല്ലാം ഉറപ്പ് വരുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.

ഇനിയും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ഡോ. സുനീല ഗാര്‍ഗ് വ്യക്തമാക്കി. സാമ്പത്തിക മേഖലക്ക് അത് തിരിച്ചടിയാകും. മാത്രമല്ല അത് ജനങ്ങളില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈറസ് നമുക്ക് ചുറ്റുമുണ്ടെന്ന് കരുതി ജാഗ്രതയോടെ മുന്‍പോട്ട് പോകുകാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പതിനഞ്ച് ഇരുപത് ദിവത്തിനുള്ളില്‍ തരംഗം സാധാരണതാഴേണ്ടതാണ്. മെയ് അവസാനം വരെ വെല്ലുവിളി തുടരാമെന്നും  സുനീല ഗാര്‍ഗ് അറിയിച്ചു. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഉടന്‍ അവസാനിക്കും. തൊട്ടു പിന്നാലെ 35 വയസിന് മുകളിലുള്ളവര്‍ക്കും, പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കും. അതോടെ ജനസംഖ്യയുടെ 60 ശതമാനത്തിനും വാക്സീന്‍ കിട്ടും. അതിന് പുറകെ കുട്ടികള്‍ക്കും നല്‍കും. 35 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ അവസാനവാരമോ മെയ് അദ്യമോ തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios