Asianet News MalayalamAsianet News Malayalam

സാമൂഹിക വ്യാപന സാധ്യതയേറി, പട്ടാമ്പിയിൽ നിയന്ത്രണങ്ങൾ കർശനം

പട്ടാമ്പി മീൻചന്തയിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻറിജൻ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി, കുന്ദംകുളം എന്നീ പ്രദേശങ്ങളോട് അടുത്തുനിൽക്കുന്ന പട്ടാമ്പിയിലും ഉറവിടമറിയാത്ത കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത കർശനമാക്കുന്നത്.

covid spreading in palakkad pattambi area
Author
Palakkad, First Published Jul 19, 2020, 7:04 AM IST

പാലക്കാട്: സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് പാലക്കാട് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രിത മേഖലയാക്കി. പട്ടാമ്പി മീൻചന്തയിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻറിജൻ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി, കുന്ദംകുളം എന്നീ പ്രദേശങ്ങളോട് അടുത്തുനിൽക്കുന്ന പട്ടാമ്പിയിലും ഉറവിടമറിയാത്ത കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത കർശനമാക്കുന്നത്. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് രോഗബാധയുണ്ടായതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ഇതേ തുടർന്ന് മാർക്കറ്റ് അടച്ചു. ഒരു കിലോമീറ്റർ പരിധിയിലുളള വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി. മാർക്കറ്റ്, പരിസരം എന്നിവടങ്ങിളൽ ദ്രുതപരിശോധന പുരോഗമിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകളുണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. 

മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിയ ആളുകളെ വരെ പരിശോധനക്ക് വിധേയരാക്കും. മത്സ്യവിൽപ്പന നടത്തുന്ന ആളുകളുടെ റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയും പരിശോധന തുടരും. നിയന്ത്രണത്തിന്റെ ഭാഗമായി പൊതുഗതാഗതം നിരോധിച്ചു. ദീർഘദൂര ബസ്സുകൾ പട്ടാമ്പിയിൽ നിർത്തരുത്. അവശ്യവസ്തുക്കളും മരുന്നും വിൽക്കുന്ന കടകൾക്ക് മാത്രം അനുമതി. ഇതിനുപുറമേ, അട്ടപ്പാടി ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു. ആനകട്ടി ചെക്പോസ്റ്റ് ഡ്യൂട്ടിക്കിടെയാണ് രോഗപ്പകർച്ചയെന്നാണ് നിഗമനം. ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ 17 ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ താത്ക്കാലികമായി അടച്ചു. പട്ടാമ്പിക്ക് പുറമേ, പല്ലശ്ശന, ചെർപ്ലശ്ശേരി, പാലപ്പുറം എന്നിവിടങ്ങളിലാണ് ഉറവിടമറിയാത്ത ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടിയത് ജില്ലയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios