Asianet News MalayalamAsianet News Malayalam

Central Jail Covid : പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്നു; 262 തടവുകാർക്ക് രോ​ഗം

 262 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. 

covid spreads in poojappura central jail
Author
Thiruvananthapuram, First Published Jan 22, 2022, 9:44 AM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലും (Poojappura Central Jail)  കൊവിഡ് (Covid)  പടരുന്നു. 262 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമായി തടവുകാരും ജീവനക്കാരും ഉൾപ്പെടെ 488 പേർ കൊവിഡ് ബാധിതർ ആണ്.

കണ്ണൂരിൽ പത്ത് തടവുകാർക്ക് കൊവിഡ്

കണ്ണൂർ സെൻട്രൽ ജയിലിലെ പത്ത് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട്, കോഴിക്കോട് നിന്ന് കൊണ്ടുവന്ന റിമാൻഡ് പ്രതികൾക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. മുഴുവൻ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. 

അതേസമയം, കൊവിഡ് വ്യാപനത്തെ (Covid surge) തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. നാളെ ലോക്ഡൗണിന് (Lockdown) സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന (Police checking)  കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇന്നലെ 95218 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം). ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതോടെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

Follow Us:
Download App:
  • android
  • ios