Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 26685 പുതിയ കൊവിഡ് ബാധിതർ, 6 ജില്ലകളിൽ 2000 കടന്നു, 25 മരണം, ടിപിആർ 20-ന് മേലെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വക ഒരു ലക്ഷം രൂപ. ചെക്ക് സിഎംഡിആർഎഫിന് കൈമാറി. ഇന്നലെ 28,000-ന് മുകളിലായിരുന്നു ആകെ രോഗബാധിതർ. ഇന്നത്തെ കണക്കുകൾ... 

covid statistics in kerala as on 24 april 2021
Author
Thiruvananthapuram, First Published Apr 24, 2021, 5:33 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മൂന്നാം ദിനവും കാൽ ലക്ഷം കടക്കുകയാണ് സംസ്ഥാനത്ത് രോഗികൾ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ കുറവില്ല. ഇന്നും 20-നുമേലെയാണ് ടിപിആർ. പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിന് മേലെയായി. 

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3706, എറണാകുളം 3265, മലപ്പുറം 2634, തൃശൂര്‍ 2550, തിരുവനന്തപുരം 1957, കോട്ടയം 1835, കണ്ണൂര്‍ 1548, ആലപ്പുഴ 1747, പാലക്കാട് 690, കൊല്ലം 1247, പത്തനംതിട്ട 857, കാസര്‍ഗോഡ് 880, വയനാട് 860, ഇടുക്കി 820 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 794, കൊല്ലം 406, പത്തനംതിട്ട 278, ആലപ്പുഴ 583, കോട്ടയം 694, ഇടുക്കി 96, എറണാകുളം 821, തൃശൂര്‍ 684, പാലക്കാട് 372, മലപ്പുറം 540, കോഴിക്കോട് 858, വയനാട് 127, കണ്ണൂര്‍ 595, കാസര്‍ഗോഡ് 219 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,98,576 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,73,202 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,587 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,13,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,415 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3476 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 538 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇന്നലെ 28000-ന് മുകളിലായിരുന്നു ആകെ രോഗബാധിതർ. സംസ്ഥാനത്ത് ഇത് വരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വർദ്ധനയായിരുന്നു ഇത്. ഇന്നും നാളെയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ട്. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ ഭയക്കേണ്ട സ്ഥിതി നിലവിൽ കേരളത്തിലില്ല. ജാഗ്രത പുലർത്തലാണ് പ്രധാനം. അതിലൂടെ പ്രതിസന്ധിയെ മറികടക്കാം. ജനത്തെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെതിരെയും ജാഗ്രത വേണം. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. ആരോഗ്യവകുപ്പിന്റെ വിവരങ്ങളെയും ആധികാരിക സംവിധാനങ്ങളെയും കൊവിഡിനെ പറ്റിയറിയാൻ ജനം ആശ്രയിക്കണം - മുഖ്യമന്ത്രി പറയുന്നു. 

പഴയ മുന്നറിയിപ്പുകൾ മറക്കരുത്

ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതിൽ വീഴ്ച പാടില്ല. ആൾക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തിൽ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും.

സ്വയം നിയന്ത്രണത്തിൽ ചില വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവർ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടി രോഗം പിടിപെടാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാർഗം.

കിടക്കകൾക്ക് ക്ഷാമമുണ്ടാകില്ല

രോഗവ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു. ചികിത്സയ്ക്കും പ്രതിരോധത്തിനും പൂർണ സഹകരണം ഇന്നത്തെ യോഗത്തിലും അവർ വാഗ്ദാനം ചെയ്തു. വ്യാപന തോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നിൽ കണ്ടുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ മുന്നോട്ട് വെച്ചത്. എല്ലാ ആശുപത്രികളും കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ആകെ കിടക്കകളുടെ 25 ശതമാനം കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണം. ഇപ്പോൾ തന്നെ പലരും ഭൂരിഭാഗം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെച്ചു. 40-50 ശതമാനം വരെ പലരും മാറ്റിവെച്ചിട്ടുണ്ട്. എല്ലായിടത്തും 25 ശതമാനമെങ്കിലും കിടക്കകൾ കൊവിഡിനായി പ്രത്യേകം നീക്കിവെക്കണമെന്നാണ് പൊതുവേ ആവശ്യപ്പെട്ടത്.

അതോടൊപ്പം ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവര കണക്ക് ഡിഎംഒയ്ക്ക് കൈമാറണം. എവിടെയൊക്കെ കിടക്കകളുണ്ടെന്ന് മനസിലാക്കി അങ്ങോട്ട് അയക്കാൻ ഇത് സഹായിക്കും. രോഗവ്യാപന തോത് നോക്കി കൂടുതൽ നടപടിയെടുക്കാനും ഈ വിവരങ്ങൾ അറിയുന്നത് സഹായിക്കും.

ഗുരുതര രോഗമുള്ളവർ പലയിടത്തും എത്തിപ്പെടാറുണ്ട്. അവിടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. മികച്ച ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വേണം. കൊവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയവരുടെ സേവനം ആവശ്യമായി വന്നാൽ ഡിഎംഒ ആവശ്യപ്പെടും. അത്തരം ഘട്ടങ്ങളിൽ അവരെ നൽകണമെന്നും സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും പൂർണ സജ്ജമായിരിക്കണം. ഐസിയു കിടക്കകൾ ഗുരുതര രോഗമുള്ളവർക്കായി ഉപയോഗിക്കണം. അനാവശ്യമായി ഐസിയു കിടക്കകൾ നിറയുന്നുണ്ടോയെന്ന് സ്ഥാപനങ്ങൾ പ്രത്യേകം പരിശോധിക്കണം. 108 ആംബുലൻസ് പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആംബുലൻസുകൾ യോജിച്ച നിലയിൽ പ്രവർത്തിക്കണം. പരസ്പരം കാര്യങ്ങൾ മനസിലാക്കി ഇടപെടണം.

കൊവിഡിതര ചികിത്സ മുടങ്ങരുത്

കൊവിഡ് ഇതര രോഗികൾക്ക് ഈ ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കണമെന്നാണ് യോഗം കണ്ടത്. ഒരു ആശുപത്രിയിലും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ന്യായമായ രീതിയിൽ സർക്കാർ നിശ്ചയിച്ച ചികിത്സാ ഫീസാണ് പൊതുവേ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയുണ്ട്. സർക്കാർ നിശ്ചിത നിരക്ക് എല്ലാ കാര്യങ്ങളിലും അംഗീകരിച്ചിട്ടുണ്ട്. ആ നിരക്ക് എല്ലാവർക്കും യോജിച്ചതാണ്. അതേ നിരക്ക് എല്ലാ ആശുപത്രികളും അംഗീകരിക്കുന്ന നില വേണം. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്തിട്ടുണ്ട്. എംപാനൽ ചെയ്യാത്ത ആശുപത്രികൾ ഇത് ചെയ്യണം.

സൗജന്യ കൊവിഡ് ചികിത്സ തുടരും

15 ദിവസത്തിനകം കൊവിഡ് ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ നേരത്തെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. അത് പരിശോധിച്ച് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ആവശ്യമായ നടപടി സ്വീകരിക്കും. ജാഗ്രതയോടെ നീങ്ങിയാലേ രോഗവ്യാപനം കുറയ്ക്കാനാവൂ. സർക്കാരെന്നോ, ഇതര സ്ഥാപനമെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യമേഖല നീങ്ങണമെന്ന അഭ്യർത്ഥനയാണ് സർക്കാർ മുന്നോട്ട് വെച്ചത്.

അനുകൂല നിലപാടാണ് എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. സൗജന്യ കൊവിഡ് ചികിത്സയാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാം തരംഗത്തിൽ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് വിനിയോഗിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കും. വിശദാംശങ്ങൾ അധികം വൈകാതെ ലഭ്യമാക്കും.

പരീക്ഷകൾ നടന്നു, മുടങ്ങാതെ

കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണം കർശനമായി നടപ്പിലാക്കി. ഹയർ സെക്കണ്ടറി പരീക്ഷകളും, വോട്ടെണ്ണൽ ജീവനക്കാരുടെ പരിശീലനം, അവശ്യ സർവീസുകൾ എന്നിവയ്ക്ക് തടസം ഉണ്ടായിരുന്നില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് തൃശ്ശൂർ പൂരം നടത്തി. അപ്രതീക്ഷിതമായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർഭാഗ്യകരമായ സംഭവമായി ഇത്. 

കോഴിക്കോട് ജില്ലയിൽ പ്രസവ ചികിത്സ സുരക്ഷിതമാക്കാൻ നടപടിയെടുത്തു. കൊവിഡ് ബാധിക്കുന്ന ഗർഭിണികളുടെ പ്രസവത്തിനായി പ്രധാന സ്വകാര്യ ആശുപത്രികളിൽ പുതിയ ലേബർ റൂം ഒരുക്കാൻ നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം.

Follow Us:
Download App:
  • android
  • ios