തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ലാബുകളിലും ആന്‍റിജന്‍ പരിശോധനയ്ക്ക് അനുമതി. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. നിലവിൽ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളിൽ രോ​ഗികളെ പ്രവേശിപ്പിക്കുന്നതിന് മുൻപായും ആൻ്റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനകം ഫലം അറിയാം എന്നതാണ് ആൻ്റിജൻ പരിശോധനയുടെ പ്രധാനമേന്മ. 

അതേസമയം ആന്‍റിജന്‍ പരിശോധനയിൽ പൊസീറ്റീവായാലും റിയൽ ടൈം പിസ‍ിആ‍ർ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊവിഡ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ‍ര്‍ടി- പിസിആ‍ർ ടെസ്റ്റ് പൊസിറ്റീവായാൽ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ. നേരത്തെ കൊവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും രണ്ട് പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ 14 ദിവസം കഴിഞ്ഞ് ഒരു ടെസ്റ്റ് നടത്തിയാണ് രോഗമുക്തി ഉറപ്പിക്കുന്നത്. 

Read More: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആൻ്റിജൻ പരിശോധനയ്ക്ക് തുക നിശ്ചയിച്ചു

സംസ്ഥാനത്ത് 1310 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1162 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇന്നലെ ഉച്ചക്ക് ശേഷം വന്ന മൂന്ന് ജില്ലകളിലെ 425 കേസുകളും ഇന്നത്തെ 885 ഉം ചേർത്താണ് പുതിയ കണക്ക്. തലസ്ഥാനത്തെ പുതിയ രോഗികളുടെ എണ്ണം 320 ആണ്. ഇതിൽ 311 ഉം സമ്പർക്കം വഴിയാണ്. പൂന്തുറ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെട്ട കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 35 പേർക്ക് രോഗം ബാധിച്ചത് ജില്ലയിലെ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ഇതിൽ 27 പേരും ഏറെ പ്രായം ചേർന്നവരാണ്. ആറ് കന്യാസ്ത്രീകളുമുണ്ട്. കഴിഞ്ഞ ദിവസം മരിച്ച ശാന്തിഭവനിലെ 79 വയസ്സുള്ള മേരി എന്ന സ്ത്രീക്ക് ആന്‍റിജന്‍ പരിശോധനയിലൂടെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.  

അതിന് പിന്നാലെയായിരുന്നു മറ്റ് അന്തേവാസികളെയും പരിശോധിച്ചത്. രോഗം ബാധിച്ചവരെയെല്ലാം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കിടപ്പുരോഗിയായിരുന്ന മേരിയുടെ രോഗ ഉറവിടം വ്യക്തമല്ല. തെക്കൻ കേരളത്തിൽ പത്തനംതിട്ടയിൽ ആദ്യമായി ഒരുദിവസത്തെ പുതിയരോഗികളുടെ എണ്ണം നൂറ് കടന്നു.  130 ൽ 127 ഉം സമ്പർക്കരോഗികളാണ്. അടൂർ എആർ ക്യാമ്പ് പുതിയ ക്ലസ്റ്ററായി. കുമ്പഴ ലാർജ് ക്ലസ്റ്ററിൽ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്താകെ 864 പേർക്കാണ് രോഗമുക്തി.