പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ പോലും ലക്ഷണമില്ലെങ്കില്‍ പരിശോധിക്കേണ്ടെന്ന തീരുമാനമെത്തിയതോടെ സര്‍ക്കാര്‍ മേഖലയിലെ പരിശോധനകള്‍ കുത്തനെ ഇടിഞ്ഞു.
കൊച്ചി: സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് പരിശോധന (Covid test) കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ (Private lab) തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം ജില്ലയില്‍ നിലവില്‍ നടക്കുന്ന പരിശോധനയുടെ 15 ശതമാനം വരെ മാത്രമാണ് സര്‍ക്കാര്‍ സംവിധാനം വഴി നടക്കുന്നത്. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ പോലും ലക്ഷണമില്ലെങ്കില്‍ പരിശോധിക്കേണ്ടെന്ന തീരുമാനമെത്തിയതോടെ സര്‍ക്കാര്‍ മേഖലയിലെ പരിശോധനകള്‍ കുത്തനെ ഇടിഞ്ഞു. കാര്യമായ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്.
എന്നാല്‍ എറണാകുളത്ത് ഉള്‍പ്പടെയുള്ള പരിശോധന ഫലം എത്താന്‍ വൈകുന്നതിനാല്‍ കൂടുതല്‍ പേരും സ്വകാര്യ ലാബുകളെയാണ് പരിശോധനക്കായി ആശ്രയിക്കുന്നത്. എറണാകുളം ജില്ലയില്‍ പതിനായിരം സാമ്പിളുകളില്‍ ആയിരം പേര്‍ മാത്രമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി പരിശോധനക്ക് എത്തുന്നത് എന്നാണ് കണക്ക്. ഇതോടെ സ്വകാര്യ ലാബുകള്‍ വീട്ടിലെത്തി സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണ്. സ്വകാര്യ ലാബുകളില്‍ പരമാവധി 12 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം ലഭിക്കും. സാമ്പിളുകള്‍ ശേഖരിച്ച് വലിയ ലാബുകളിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്.
ഒമിക്രോണ്‍ വകഭേദം ഗുരുതരമാകുന്നില്ലെന്ന സൂചനകളും പുറത്ത് വരുന്നതോടെ പരിശോധന നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് മിക്കവരും എത്തുന്നു. ലക്ഷണമുള്ള കുടുംബ അംഗങ്ങള്‍ എല്ലാവരും പരിശോധിച്ചാല്‍ ഒരാള്‍ക്ക് 500 രൂപ എന്ന രീതിയില്‍ ചിലവാകും. സാമ്പത്തിക ബാധ്യത കുറയ്ക്കാനും മിക്കവരും പരിശോധന നടത്തുന്നില്ല.
