തിരുവനന്തപുരം: ഇന്ന് കൊവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 532 പേര്‍ക്കാണ് ഇവിടെ ഇന്ന്  രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു.

തൃശൂര്‍ ജില്ലയില്‍ 189 കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും രോ​ഗം സ്ഥിരീകരിച്ചു.  കണ്ണൂര്‍ ജില്ലയില്‍ പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരും ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു  പേരും ഉള്‍പ്പെടുന്നു. കോട്ടയം മുൻസിപ്പാലിറ്റിയിൽ ഇന്നും രോഗ വ്യാപനത്തിന് കുറവില്ല. ഇവിടെ  22 കൊവി‍ഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട - 6 വീതം തൃക്കൊടിത്താനം, കൂരോപ്പട  -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. ജില്ലയിൽ ഇന്ന് 81  പേര്‍ രോഗമുക്തരായി. നിലവില്‍ 1311   പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

പാലക്കാട് സമ്പർക്കബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. വെളളിയാഴ്ച സ്ഥിരീകരിച്ച  127ൽ  102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനത്തിൽ  ജോലിക്ക് വന്ന 7 ഒഡിഷ സ്വദേശികൾക്കും രോഗബാധയുണ്ടായിട്ടുണ്ട്.  93 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 834 പേരാണ് പാലക്കാട്ട് ചികിത്സയിലുള്ളത്.

കാസർകോട് കൊവിഡ് സ്ഥിരീകരിച്ച  157 പേരിൽ 145 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.  ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7 മാസം പ്രായമുള്ള കുഞ്ഞടക്കം 10 വയസ്സിന് താഴെയുള്ള 11 കുട്ടികൾക്കാണ് ഇന്ന് കൊവിഡ്  സ്ഥിരീകരിച്ചത്. നീലേശ്വരം നഗരസഭയിലും തൃക്കരിപ്പൂർ പഞ്ചായത്തിലും 15 പേർക്ക് വീതവും കാഞ്ഞങ്ങാട് നഗരസഭയിൽ 14 പേർക്കും കാസർകോട് നഗരസഭയിൽ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.198 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.  മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ ഒരു കുടുംബത്തിലെ 19 പേർക്കും   മേൽപറമ്പ് കീഴൂർ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും രോഗികളുമടക്കും 17 പേർക്കും  കൊവിഡ് ബാധിച്ചു. ഇവരുടേത് ഇന്നത്തെ കൊവിഡ് കണക്കിൽ ഉർപ്പെടുത്തിയിട്ടില്ല.