തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ആശങ്കപ്പെടുത്തുന്നത്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനം അതിഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 681 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 400 കടന്നു. മലപ്പുറത്ത് 444 പേര്‍ക്കും എറണാകുളത്ത്  406 പേര്‍ക്കും ആലപ്പുഴയില്‍ 403 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയിലും ഇന്ന് വര്‍ധനവുണ്ടായി. ചൊവ്വാഴ്ച 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്നതാണ് കടുത്ത ആശങ്കയുണ്ടാക്കുന്നത്.  3875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. ഇത്രയും പേരെ പരിശോധിച്ചപ്പോള്‍ തന്നെ രോഗികളുടെ എണ്ണം 4000 കടന്നത് നല്ല സൂചനയല്ല. വരും ദിവസങ്ങളിലും രോഗ വ്യാപനം വര്‍ധിക്കാമെന്ന സൂചനകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.