അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. 4,80,000 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 99,390 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.

സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,71,578 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona