ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മന്ത്രിമാർ വാക്സീൻ സ്വീകരിച്ചിരുന്നു. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിൻറെ ആദ്യ ഡോസ് സ്വീകരിക്കും. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാകും മുഖ്യമന്ത്രി കുത്തിവെയ്പ്പ് എടുക്കുക. ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മന്ത്രിമാർ വാക്സീൻ സ്വീകരിച്ചിരുന്നു. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിയിലെ ആർമി ആശുപത്രിയിൽവെച്ചാകും വാക്സീൻ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വാക്സീൻ നൽകുന്ന രണ്ടാം ഘട്ട വാക്സിനേഷൻ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്സീൻ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേർ കോവിൻ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

60 വയസിനു മുകളിലുള്ളവരുടേയും 45 മേൽ പ്രായമുള്ളവരേയും വാക്സീൻ റജിസ്ട്രേഷന് മികച്ച പ്രതികരണമാണ് കേരളത്തിൽ ലഭിക്കുന്നത്. റജിസ്റ്റർ ചെയ്യുന്ന കൊവിൻ പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നത് തിരിച്ചടിയാണ്. റജിസ്ട്രേഷൻ സുഗമമാകാൻ നാലു ദിവസമെങ്കിലും എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.