Asianet News MalayalamAsianet News Malayalam

ഹൈക്കോടതി വിധിക്ക് പുല്ലുവില: അതിര്‍ത്തി തുറക്കാതെ കര്‍ണാടക, ഉണ്ണിത്താൻ സുപ്രീംകോടതിയിലേക്ക്

ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കില്ലെന്ന കടുംപിടുത്തത്തിലാണ് കര്‍ണാടക. അതിര്‍ത്തിക്കപ്പുറം ചികിത്സ തേടുന്ന കാസര്‍കോട്ടെ രോഗികൾ അടക്കമുള്ളവരുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. 

covid19 unrest continued in kerala karnataka border
Author
Kasaragod, First Published Apr 2, 2020, 10:38 AM IST

കാസര്‍കോട്/ ബംഗലൂരു: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാൻ വിസമ്മതിച്ച് കര്‍ണാടക. അതിര്‍ത്തി റോഡുകൾ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങൾക്കെത്തുന്നവരെ തടയരുത് എന്നുമാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത് . കൂടുതൽ ജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. എന്നാൽ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികൾ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. 

ഇന്നലെ വരെ മാത്രം ഏഴ് പേര്‍ കാസര്കോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആംബുലൻസുകൾ പോലും കടത്തിവിടാൻ ഇപ്പോഴും കര്ണാടക തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയാണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്. 

അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഇത് നാളെ കോടതി പരിഗണിക്കും. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കർണാടക സർക്കാർ, ഒരു ഡോക്ടറെ അതിർത്തിയിൽ നിയമിച്ചിരുന്നു. കാസർകോട് ജില്ലയിൽ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ എന്നാണ് കർണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതിർത്തി തുറന്നു കൊടുക്കണമെന്ന് ഇന്നലെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരള ഹൈക്കോടതി വിധിക്കെതിരെ ഉടൻ കോടതിയെ കര്‍ണാടകം സമീപിക്കില്ലെന്നാണ് സൂചന. വിധി അറിഞ്ഞ ശേഷം തുടര്‍ നടപടി എന്ന ആലോചനയാണ് കര്‍ണാടക സര്‍ക്കരിന്‍റെ ഭാഗത്ത് നിന്ന് ഉള്ളതെന്നാണ് വിവരം. അതേസമയം കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ കര്‍ണാടക സത്യവാങ്മൂലം നൽകാനിടയുണ്ടെന്നാണ് അറിയുന്നത്. 

ഇ ചന്ദ്രശേഖരന്‍റെ പ്രതികരണം: 

കാസര്‍കോട്ടുകാരെ സംബന്ധിച്ച് പ്രധാനപ്പെട്ട ചികിത്സാ കേന്ദ്രമാണ് അതിര്‍ത്തി അടച്ചതോടെ ഇല്ലാതായത്. മാനുഷികമായ ഇടപെടൽ കര്ണാടകയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അത് ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. കോടതി വിധിയോടെ പ്രശ്നം തീരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 
കര്‍ണാടകം അതിര്‍ത്തി അടച്ചിട്ട സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അടക്കം ഒരുക്കാൻ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും റവന്യു മന്ത്രി പറഞ്ഞു. പരിയാരം അടക്കമുള്ള മെഡിക്കൽ കോളേജുകളിലും കാസര്‍കോട്ടെ ചികിത്സാ സൗകര്യങ്ങളാകെയും മെച്ചപ്പെടുത്തി ജനങ്ങൾക്ക് ഉപയോഗിക്കാനും ശക്തമായ നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. 

രാജ്മോഹൻ ഉണ്ണിത്താൻ നാളെ സുപ്രീംകോടതിയിൽ: 

ഹൈക്കോടതി വിധിയിൽ പറയുന്ന കാര്യങ്ങൾ തന്നെ മേൽക്കോടതിയിലും ഉന്നയിക്കുമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഹൈക്കോടതി വിധിയെ കര്ണാടകം തള്ളിക്കളയുമെന്ന് കണക്ക് കൂട്ടിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശക്തമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. 
രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തിലാണ്. ഇത്തരം നടപടി കര്‍ണാടക തുടര്‍ന്നാൽ അത് അംഗീകരിക്കാൻ കഴിയില്ല. ചികിത്സാ ആവശ്യത്തിലായി  അതിര്‍ത്തി കടന്ന് പോകുന്നവര്‍ക്ക് ആവശ്യമെങ്കിൽ പരിശോധന നടത്താമെന്ന നിര്‍ദ്ദേശവും രാജ്മോഹൻ ഉണ്ണിത്താൻ മുന്നോട്ട് വച്ചു. കാലങ്ങളായി ചികിത്സ തേടുന്നവര്‍ക്ക് അത് തുടരാൻ സാഹചര്യമുണ്ടായേ പറ്റു എന്നാണ് ആവശ്യം. 
 

Follow Us:
Download App:
  • android
  • ios