തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിയെ വിജയിപ്പിച്ചാൽ ബൂത്ത് കമ്മിറ്റിക്ക് വിദേശ യാത്രയെന്ന പ്രഖ്യാപനത്തിൽ ഉറച്ച് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാവ ഹാജി.ബൂത്ത് കമ്മിറ്റി ടാർഗറ്റ് പൂർത്തീകരിച്ചാൽ ഓഫർ നൽകുമെന്നും പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നും ബാവ ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലപ്പുറം:തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിയെ വിജയിപ്പിച്ചാൽ ബൂത്ത് കമ്മിറ്റിക്ക് വിദേശ യാത്രയെന്ന പ്രഖ്യാപനത്തിൽ ഉറച്ച് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാവ ഹാജി.ബൂത്ത് കമ്മിറ്റി ടാർഗറ്റ് പൂർത്തീകരിച്ചാൽ ഓഫർ നൽകുമെന്നും പാർട്ടി പ്രവർത്തകർ മാത്രം പങ്കെടുത്ത സമ്മേളനമാണെന്നും ബാവ ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന രീതിയിലാണ് പ്രഖ്യാപനം നടത്തിയത്.ഇതിൽ സ്ഥാനാർത്ഥിക്കോ യുഡിഎഫിനോ ഒരു ഉത്തരവാദിത്വവുമില്ല.തന്‍റെ സ്വന്തം ഉത്തരവാദിത്വത്തിൽ പറഞ്ഞ കാര്യമാണത്. പറഞ്ഞതിൽ ഒരു ചട്ടലംഘനവും ഇല്ലെന്നും ബാവ ഹാജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ ലീഡ് നൽകാൻ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാവ ഹാജി ഓഫർ മുന്നോട്ടുവെച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത് കമ്മിറ്റികൾക്ക് വിദേശ യാത്രയായിരുന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരിക്കുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.
അതേസമയം,തവനൂരിൽ കൂടുതൽ വോട്ട് പിടിക്കുന്ന ഭാരവാഹികൾക്ക് ലീഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവത്തില്‍ ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും എസ് പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കുമെന്നുമാണ് കളക്ടർ വ്യക്തമാക്കിയത്.



