വയനാട്: മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട് 100 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പരാതി. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് മനുഷ്യാവകാശപ്രവർത്തകരും ജലീലിന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. സംഭവം നടന്ന് 100 ദിവസമായിട്ടും അന്വേഷണം ഇഴയുകയാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നുവെന്നും ജലീലിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.

സി പി ജലീലിനെ പൊലീസ് സംഘം വളഞ്ഞിട്ട് വെടിവെക്കുകയായിരുന്നു. ആത്മരക്ഷാര്‍ഥം വെടിവെച്ചതാണെന്ന പൊലീസ് വാദം കള്ളമാണ്. അന്വേഷണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും സി പി ജലീലിന്‍റെ സഹോദരനുമായ സി പി റഷീദ് അറിയിച്ചു. അന്വേഷണത്തിന്‍റെ പേരില്‍ ജലീലിന്‍റെ കുടുംബത്തെ പോലും വേട്ടയാടുന്നുവെന്നും ഇവര്‍ ആരോപിച്ചു. 
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ ജലീലിനെ ആസൂത്രിതമായി വെടിവച്ചു കൊന്നതാണെന്ന് മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു.

പൊലീസെത്തിയെന്നറിഞ്ഞ് മാവോയിസ്റ്റുകള്‍ പുറത്തേക്കോടുന്ന അതേസമയം തന്നെ മറ്റൊരാള്‍ ഇരുട്ടിലൂടെ എതിർവശത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് തണ്ടർ ബോള്‍ട്ട് സംഘാംഗമാണെന്നും ഇയാള്‍ പിന്നില്‍നിന്നും വെടിവച്ചാണ് ജലീലിനെ കൊന്നതെന്നും സഹോദരന്‍ സി പി റഷീദ് ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും എഫ്ഐആറിലെ വിവരങ്ങളും ഒത്തുപോകുന്നില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.

2019 മാർച്ച് ആറിനാണ് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടത്. പണമാവശ്യപ്പെട്ട് റിസോർട്ടില്‍ മാവോയിസ്റ്റുകളെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് ചെന്ന പൊലീസിനും അഞ്ചംഗ തണ്ടർബോള്‍ട്ട് സംഘത്തിനും നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിർത്തുവെന്നാണ് കേസ്. ആത്മരക്ഷക്കായാണ് തിരിച്ചുവെടിവച്ചതെന്നും പൊലീസ് പറയുന്നു.