ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങളിലെ ഭേദഗതിക്കെതിരെ സിപിഐയും മന്ത്രിസഭാ യോഗ തീരുമാനമല്ല ഉത്തരവായതെന്ന് ആരോപണം പ്രതിപക്ഷ ആരോപണത്തിനിടെ സിപിഐയുടെ നിലപാട് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു

ഇടുക്കി: ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐ. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല, ഉത്തരവായി പുറത്ത് വന്നത്. ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22ന് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെയാണ് സിപിഐ രംഗത്ത് വന്നിരിക്കുന്നത്. ഈ ഉത്തരവനുസരിച്ച് ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഭേദഗതി പ്രകാരം പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഇനി മുതൽ വില്ലേജ് ഓഫീസറുടെ എൻഒസിയും വേണം.

2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമാണ പ്രവ‍ർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ എന്‍ഒസി നിർബന്ധമാണ്. ഇത് ചട്ടമാക്കി മാറ്റുകയായിരുന്നു ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിച്ചതെന്ന് സിപിഐ പറയുന്നു. എന്നാൽ ഉത്തരവ് വന്നപ്പോൾ ഭേദഗതി മൂന്നാറിന് പകരം ഇടുക്കി ജില്ലയ്ക്ക് ഒന്നാകെയായി.

ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സിപിഐയും അതൃപ്തി അറിയിച്ചിരിക്കുന്നത്. ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നുമാണ് പ്രതിപക്ഷ ആരോപണം.