Asianet News MalayalamAsianet News Malayalam

ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി

ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടാണ് പത്തനംതിട്ടയിൽ തോൽവിക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിന്‍റെ വിലയിരുത്തൽ

cpi pathanamthitta district committee criticizes government on sabarimala issue
Author
Pathanamthitta, First Published Jun 5, 2019, 9:56 AM IST

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടാണ് പത്തനംതിട്ടയിൽ തോൽവിക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിന്‍റെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ രണ്ട് ദിവസമായി നടന്ന ജില്ലാ കമ്മറ്റിയിലാണ് ശബരിമലയിലെ സർക്കാർ നിലപാട് പത്തനംതിട്ടയിൽ തിരിച്ചടിയായെന്ന് സിപിഐ വിലയിരുത്തിയത്. യുവതീ പ്രവേശനത്തിൽ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടർമാരെ ഇടത്പക്ഷത്തിൽ നിന്ന് അകറ്റി. 

വനിതാ മതിലിന്‍റെ അടുത്ത ദിവസം രണ്ട് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് തിരിച്ചടി ആയി. ഇത് ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ എതിരാളികൾ ഈ വിഷയം പ്രചാരണത്തിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. 

നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും മികച്ച സ്ഥാനാർത്ഥി അടക്കമുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും വിജയിക്കാനാകാഞ്ഞത്  ശബരിമല പ്രതിഫലിച്ചതിനാലാണെന്നാണ് യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജില്ലാ സെക്രട്ടറി എപി ജയൻ ഉൾപ്പെടെയുള്ളവരും ശബരിമല തിരിച്ചടിയായെന്ന് യോഗത്തിൽ നിലപാടെടുത്തു. 

ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുക വഴി കോൺഗ്രസ്സിലേക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട്  പോയതും പരാജയത്തിന് കാരണമായി. 11, 12 തിയ്യതികളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ  അവലോകന റിപ്പോർട്ട് ചർച്ചയാകും.

Follow Us:
Download App:
  • android
  • ios