കൊച്ചി: കോൺ​ഗ്രസ് നേതാവ് കെ വി തോമസ് ഇടതുമുന്നണിയിലേക്ക് വരുന്നെന്ന പ്രചാരണം സംബന്ധിച്ച് നിലപാട് പറയാൻ സമയം ആയില്ലെന്നു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. ആദ്യം നിലപാട് പറയേണ്ടത് കെ വി തോമസ് ആണ്. അപ്പോൾ സി പി ഐ നിലപാട്  അറിയിക്കുമെന്നും രാജു പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് കെ വി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരായ തന്‍റെ ഇഷ്ടക്കേടും പരസ്യനിലപാടും അന്നേ ദിവസം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെവി തോമസിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അദ്ദേഹം ഇടതുസ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിനിടെ സിപിഎം ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചത്. കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്ന കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സീറ്റ് ചർച്ച സജീവമാക്കിയത്. കെപിസിസിയും ഹൈക്കമാന്റും കാര്യമായ പിന്തുണ നൽകാത്തതും എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുന്നത്. 1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകൾ വഹിച്ച കെവി തോമസിന് അവസരം കൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റർ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡൻ സ്ഥാനാർത്ഥിയാകുന്നതും. അന്ന് ഹൈക്കമാൻഡ് ഇടപെട്ടാണ് കെവി തോമസിനെ തണുപ്പിച്ചത്. പക്ഷേ, പിന്നീട് വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകിയതുമില്ല.