കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. പരോക്ഷമായി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തുകയാണ് കാനം. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല.  പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം കോഴിക്കോട്ട് യുഎപിഎ വിരുദ്ധ സെമിനാറിൽ പറഞ്ഞു. അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ അച്ഛൻ ഷുഹൈബുമായും സെമിനാറിന് ശേഷം കാനം കൂടിക്കാഴ്ച നടത്തി.

കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് കാനം ആരോപിച്ചു. കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദകൂട്ടുകെട്ട് എന്തെന്ന് തനിക്കറിയില്ല. പൊലീസ് റിപ്പോർട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ഒരു ബഹുമാനവുമില്ല- എന്ന് കാനം. 

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവന വിവാദമായിരിക്കെ ഭരണകക്ഷി തന്നെയായ സിപിഐയുടെ ഭാഗത്ത് നിന്ന് കൂടി കടുത്ത ആക്രമണമുണ്ടാകുമ്പോൾ സിപിഎമ്മിന് ഇതിനും മറുപടി പറയേണ്ടി വരും. 

പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്നാണ് കാനം സെമിനാറിൽ ചോദിച്ചത്. ബോധപൂർവം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പൊലീസ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത് യുഎപിഎക്ക് എതിരെ ഇടതുപക്ഷം രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. 

രാഷ്ട്രീയ അഭിപ്രായഭിന്നതകൾ ഉള്ളവരെ വെടിയുണ്ടകൾ കൊണ്ടല്ല നേരിടേണ്ടതെന്നും കാനം തുറന്നടിച്ചു. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ  മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും. ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. പൊതു സമൂഹം ഇക്കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിക്കണം. എഴുന്നേറ്റു നിൽക്കാൻ കഴിയാത്തവരെയാണ് കൊടുംഭീകരരായി ചിത്രീകരിക്കുന്നത് - കാനം പറഞ്ഞു. 

മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരളാ പൊലീസ് അലൻ, താഹ എന്നീ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവർക്ക് എതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയിൽ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുളള സമാപന സമ്മേളനത്തിൽ വച്ച് പി മോഹനന്‍റെ വിവാദപ്രസ്താവന. ഇത് ഏറ്റുപിടിക്കുകയാണ് ബിജെപിയും ഹിന്ദു സംഘ‍ടനകളും. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതിന്‍റെ പഴി മറ്റുള്ളവർക്ക് മേൽ ചാർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് തിരിച്ചടിച്ചു.