തൃശ്ശൂ‍ർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട് വച്ചു ഇന്നലെ രാത്രി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു. സനൂപിൻ്റെ സ്വദേശമായ ചൊവ്വന്നൂർ പഞ്ചായത്തിലാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തത്. 

ഹർത്താലിൽ വാഹനങ്ങളൊന്നും തടയില്ലെന്നും എന്നാൽ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കാൻ ആഹ്വാനം ചെയ്യുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സനൂപ്. 

ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപിനെ വല്ല്യമ്മയാണ് വളർത്തിയത്. വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് സനൂപ് ഇത്രയും കാലം ജീവിച്ചതും. കൊവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളിലും മറ്റും സജീവമായിരുന്ന സനൂപിനെക്കുറിച്ച് നാട്ടുകാർക്കും സുഹൃത്തുകൾക്കും വളരെ നല്ല അഭിപ്രായമായിരുന്നു. 

സനൂപിന് ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഇല്ലെന്നും  പ്രദേശത്ത് നേരത്തെ രാഷ്ട്രീയസംഘർഷം ഒന്നും നിലനിന്നിരുന്നില്ലെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്.