ദില്ലി: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ദില്ലിയിൽ തുടങ്ങി. ഓൺലൈനായി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് രണ്ട് ദിവസത്തെ യോഗം ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് രണ്ട് അംഗങ്ങളും മാത്രമാണ് ദില്ലിയിലെ ഗോൽ മാർക്കറ്റിനടുത്തുള്ള ഭായ് വീർ സിംഗ് മാർഗിലെ എകെജി ഭവനിൽ എത്തിയിട്ടുള്ളത്. ബാക്കിയെല്ലാവരും 'ഓൺലൈനാണ്'.

ഇതിന് മുമ്പ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേർന്നത് ജനുവരിയിലാണ്. ഇടയ്ക്ക് പൊളിറ്റ് ബ്യൂറോ യോഗം നടന്നിരുന്നു. അതും ഓൺലൈനായി. കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ അജണ്ടയിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. പക്ഷേ, കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയവിവാദത്തെക്കുറിച്ച് എന്തായാലും സംസ്ഥാനഘടകത്തിന്‍റെ റിപ്പോർട്ടിംഗിൽ പരാമർശമുണ്ടാകും. സമഗ്രചർച്ച ഉണ്ടായേക്കില്ലെന്ന് മാത്രം. 

സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന പ്രതിപക്ഷത്തിന്‍റെ പ്രചാരവേല നേരിടുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും. അതേസമയം, കൺസൾട്ടൻസികളെ സംസ്ഥാനസർക്കാരുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും, സർക്കാർ പദ്ധതികളിൽ ഭാഗമാക്കുന്നതിനെക്കുറിച്ചും ചിലർക്ക് ഭിന്നാഭിപ്രായമുണ്ട്. അത് യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കാം. ഇതിൽ തുടർചർച്ചകൾ ആവശ്യമാണെന്ന് ചിലരെങ്കിലും ആവശ്യപ്പെടുകയും ചെയ്തേക്കാം. 

ഇതോടൊപ്പം പാർട്ടി കോൺഗ്രസിന്‍റെയും ഇതിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെയും കാര്യത്തിൽ എന്തു നിലപാട് വേണമെന്നും യോഗത്തിൽ ആലോചനയുമുണ്ടാവും.

ചൊവ്വാഴ്ചത്തെ എൽഡിഎഫ് യോഗം മാറ്റി

അതേസമയം, ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചതായി ഇടതുമുന്നണി അറിയിച്ചു. കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യോഗം മാറ്റിയെന്നാണ് ഇടതുമുന്നണി അറിയിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇടതുമുന്നണി യോഗം വിളിച്ചുചേർത്തത്. നിയമസഭാ സമ്മേളനത്തിൽ പല മുതിർന്ന നേതാക്കളും പങ്കെടുക്കേണ്ടതായിരുന്നു. അത് മാറ്റി വച്ച സാഹചര്യത്തിൽ എൽഡിഎഫ് യോഗവും മാറ്റുന്നുവെന്നാണ് ഔദ്യോഗികവിശദീകരണം. 

നാല് വർഷത്തെ ഭരണകാലത്തിനിടെ പിണറായി സർക്കാർ വലിയ വിമർശനങ്ങളും ആരോപണങ്ങളും കേൾക്കുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് യോഗം വിളിച്ചുചേർത്തത്. അതേസമയം, അടുത്ത ആഴ്ച നിരവധി നിർണായകസംഭവങ്ങൾ ഉണ്ടായേക്കാം എന്ന് മുന്നണി കണക്കുകൂട്ടുന്നുണ്ട്. എൻഐഎ തിങ്കളാഴ്ച എം ശിവശങ്കറിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. ഒപ്പം കൺസൾട്ടൻസി വിവാദത്തിലടക്കം സഖ്യകക്ഷികൾക്ക് കടുത്ത വിയോജിപ്പുണ്ട്. മാത്രമല്ല, പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം ശിവശങ്കറിനെ മുഖ്യമന്ത്രി കയറൂരി വിട്ടെന്ന തരത്തിൽ അതൃപ്തി സിപിഐ പരസ്യമായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

അതിനാൽ, കൊവിഡ് കണക്കിലെടുത്ത് എൽഡിഎഫ് യോഗം മാറ്റിയെന്നത് ഒരു ന്യായീകരണം മാത്രമാകാനാണ് സാധ്യതയെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. കാരണം, കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണും ലോക്ക്ഡൗണും നിലനിൽക്കുമ്പോഴും ഇന്നലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു. അതിന് മുമ്പ് പേഴ്സണൽ സെക്രട്ടറിമാരുടെ യോഗവും ചേർന്നിരുന്നു. അതിനാൽ, മുന്നണിയിലെ അസ്വാരസ്യങ്ങളടക്കം പരസ്യമാകാതിരിക്കാൻ കൂടിയാകാം യോഗം മാറ്റിയത് എന്നുമാണ് വിലയിരുത്തൽ.