കൊച്ചി: സിപിഎം മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പമെന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. സഖ്യകക്ഷിയായ സിപിഐയുടെ മരട് ലോക്കൽ കമ്മിറ്റിയുടെ നിലപാടുകൾ തള്ളിയാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിൽ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം കൃത്യമായ നിലപാടെടുക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്ന് സിപിഎം ആവശ്യപ്പെടും. അടിയന്തരമായി വിഷയത്തിൽ സുപ്രീംകോടതിയെ വിവരങ്ങൾ അറിയിക്കണമെന്നും സിപിഎം സർക്കാരിനോട് പറയും.

മരട് ഫ്ലാറ്റുടമകളെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തിൽ മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്തുമെന്നും സി എൻ മോഹനൻ വ്യക്തമാക്കി.

സിപിഐ മരട് ലോക്കൽ കമ്മിറ്റിയുടെ നിലപാടിനെ സി എൻ മോഹനൻ പാടേ തള്ളുന്നു. സിപിഐയുടെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ നിലപാട് പറയട്ടെ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറയുന്നത്. 

പെരുവഴിയിലേക്ക് ഇറക്കിവിടരുതെന്ന് അഭ്യർത്ഥിച്ച് ഫ്ലാറ്റുടമകൾ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും മരടിലെ ഫ്ലാറ്റുടമകൾ സങ്കടഹർജി നൽകാനൊരുങ്ങുമ്പോഴാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. സംസ്ഥാനസർക്കാരോ നഗരസഭയോ ഒരു പിന്തുണയും നൽകിയില്ലെന്ന് ഫ്ലാറ്റുടമകൾ തന്നെ ആരോപിക്കുന്നുണ്ട്. 

അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് അഞ്ച് ഫ്ലാറ്റുകളിലെയും ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോൾ. സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. ഹോളിഡേ ഹെറിറ്റേജ്, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 20-ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. 

ഫ്ലാറ്റുകൾ പൊളിക്കാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം. എന്നാൽ അത് ഒറ്റയ്ക്ക് നടപ്പാക്കാൻ കഴിയില്ലെന്നും സംസ്ഥാനസർക്കാർ പിന്തുണയോടെ മാത്രമേ പൊളിക്കാനാകൂ എന്നും നഗരസഭ നിലപാടെടുത്തു.