എസ് ഡി പി ഐയുടെ പിന്തുണ സി പി എം തേടിയിട്ടില്ലെന്നും അവരുടെ പ്രവർത്തന ശൈലിയെ വിമർശിക്കുന്നുവെന്നും ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയേണ്ട ആവശ്യമില്ലെന്നും വികസനത്തെ പിന്തുണയ്ക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും എ വിജയരാഘവനും തോമസ് ഐസക്കും പ്രതികരിച്ചു
കോഴിക്കോട്: എസ് ഡി പി ഐയുടെ പിന്തുണ സി പി എം തേടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. എസ് ഡി പി ഐയുടെ നിലവിലെ പ്രവർത്തന രീതികളിൽ സി പി എമ്മിന് വിമർശനമുണ്ട്. ആർ എസ് എസിന് തങ്ങളുടെ പ്രവർത്തന ശൈലിയെ ന്യായീകരിക്കാൻ എസ് ഡി പി ഐ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി. എസ് ഡി പി ഐ പ്രവർത്തന ശൈലി മാറ്റണമെന്നും സി പി എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, ന്യൂനപക്ഷ വർഗ്ഗീയതയെയും ഭൂരിപക്ഷ വർഗ്ഗീയതയെയും ഒരേപോലെ കാണേണ്ടതില്ലെന്നും രണ്ടും തമ്മിൽ സമീകരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ശൈലിയെ മാധ്യമങ്ങൾക്ക് വിമർശിക്കാമെന്നും പക്ഷേ അദ്ദേഹത്തിന്‍റെ സംഭാവനകളാണ് പരിഗണിക്കേണ്ടതെന്നും ബേബി കൂട്ടിച്ചേർത്തു.
എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയുന്നതെന്തിന്?
അതേസമയം എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയേണ്ട ആവശ്യമെന്താണെന്നാണ് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്കും പ്രതികരിച്ചത്. എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്നാണ് വിജയരാഘവൻ ചോദിച്ചത്. എസ് ഡി പി ഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എസ് ഡി പി ഐയുടെ വോട്ട് വേണ്ടെന്ന് സി പി എം ഇതിന് മുമ്പ് പറഞ്ഞിട്ടില്ല. കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്നും എ വിജയരാഘവൻ പറഞ്ഞു. പ്രതിപക്ഷം തയ്യാറാക്കിയ അജണ്ടയ്ക്കു ചുറ്റുമല്ല ഇലക്ഷൻ പ്രചാരണം നീങ്ങുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ മറുപടി പറയുന്നുണ്ട്. യു ഡി എഫ് പതിവ് പോലെ നുണ പ്രചാരണങ്ങൾ നടത്തുകയാണ്. യു ഡി എഫ് പ്രചരിപ്പിക്കുന്ന കളവുകൾ ജനം വിശ്വസിക്കില്ല. യു ഡി എഫ് വർഗീയ പ്രചരണങ്ങൾ നടത്തുകയാണ്. വികസന രാഷ്ട്രീയ അജണ്ടയ്ക്കാണ് നാട്ടിൽ സ്വീകാര്യത. യു ഡി എഫ് മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. എസ് ഡി പി ഐവോട്ട് വേണ്ടെന്ന് പറയില്ലെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയത്. അവർ വോട്ട് ചെയ്യുന്നത് വികസനത്തിനായിരിക്കും. ആര് വോട്ട് ചെയ്താലും ചാപ്പ കുത്തി മാറ്റി നിർത്തില്ല. വികസനത്തെയും മതനിരപേക്ഷതയെയും പിന്തുണയ്ക്കുന്ന ഏത് സംഘടനയുടെയും വോട്ട് വാങ്ങുമെന്നും ഐസക് പറഞ്ഞു.
